JHL

JHL

കുമ്പള കാസറഗോഡ് ദേശീയപാത ; തകർച്ചക്ക് കാരണം കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിതം

കുമ്പള (True News 12 September 2020): കാലങ്ങളായി ദേശീയപാത തകർന്ന് തന്നെ കിടക്കുന്നതിന്  കാരണം അധികാരികളുടെ കെടുകാര്യസ്ഥതയും കരാറുകാരും ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള അവിഹിത ബന്ധവുമാണെന്ന് ദേശീയ പാത ആക്ഷൻ കമ്മിറ്റി.  സർക്കാരുകൾ മാറിയാലും  തലപ്പാടി കാസറഗോഡ് ദേശീയപാതക്ക് പൊട്ടിപ്പൊളിഞ്ഞ് കിടക്കാനാണ് വിധി. മഴക്കാലത്തിന് മുമ്പ് കൃത്യമായി ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. തലപ്പാടി പെർവാഡ് പാതയിൽ മഴക്കാലത്തിന് മുമ്പ് ടാറിങ്ങ് നടന്നതിനാൽ അത്രയും ഭാഗത്ത് യാത്രക്കാർക്ക് അൽപമെങ്കിലും ആശ്വാസമുണ്ട്. പെർവാഡ് അണങ്കൂർ റീച്ചിൽ മഴക്കാലത്തിന് തൊട്ട് മുമ്പ് ടെണ്ടർ നടപടികൾ പൂർത്തിയായിരുന്നു. അണങ്കൂർ മുതൽ കറന്തക്കാട് വരെ ടാറിങ്ങ് നടന്നു. തുടർന്ന് കാലവർഷം ആരംഭിച്ചതോടെ പണി നിർത്തി. ഇതോടു കൂടി റോഡിൽ കുഴികൾ രൂപപ്പെട്ട് ഈ ഭാഗത്ത് യാത്ര ദുസ്സഹമായി. കഴിഞ്ഞ മാസം മഴ കുറഞ്ഞിട്ടും ബാക്കി ഭാഗം പൂർത്തിയാക്കാത്തതിനാലാണ് ഇന്നത്തെ അവസ്ഥയിലെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴയാണ് പ്രദേശത്ത്. അതോട് കൂടി റോഡ് തകർച്ച പൂർണമായി.

ദേശീയപാത ആക്ഷൻ കമ്മിറ്റിയും ദേശീയ വേദിയും കുറച്ച് കാലങ്ങളായി സമര രംഗത്തുണ്ട്. കുഴിയെണ്ണലും റോഡിലെ പൂക്കളവും കുഴിയിൽ കഞ്ഞിവെക്കലുമടക്കം നിരവധി സമരങ്ങൾ നടന്നിരുന്നു. പക്ഷെ അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ഇതൊന്നും പര്യാപ്തമായില്ല. ഇതോടെ പൊതു ജനം പൊറുതി മുട്ടിയിരിക്കുകയാണ്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത ഇടപാടുകൾ നിർത്തി ഇനിയെങ്കിലും ഈ ദുരിതത്തിന് അറുതിയുണ്ടാക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. 

1 comment:

  1. കേരളത്തിൽ udf ഉം, കേന്ദ്രത്തിൽ കോൺഗ്രസ്സും ഭരിക്കുമ്പോൾ സമരത്തിനു ഇറങ്ങി റോഡിൽ വാഴ വെച്ച സഗാക്കളെ മഷി ഇട്ട് നോക്കിയാലും കാണാൻ ഇല്ല ഈ ശോചനിയ അവസ്ഥ ആയിട്ടും

    ReplyDelete