JHL

JHL

നായിക്കാപ്പിൽ മില്ല് തൊഴിലാളി ഹരീഷ് കൊല്ലപ്പെട്ട സംഭവം; കുമ്പള സ്വദേശി അറസ്റ്റിൽ

കുമ്പള (True News 10 September 2020): കുമ്പള നായിക്കാപ്പിലെ ഹരീഷി(33)നെ ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുമ്പള റെയിൽവെ സ്റ്റേഷന് സമീപം താമസിച്ചു വരുന്ന മുഖ്യ പ്രതി ശരത് എന്ന ശ്രീകുമാറിന്റെ സുഹൃത്ത് സചിൻ (22) നെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ നാലാം പ്രതിയായി ചേർത്താണ് അറസ്റ്റ്. കൊലപാതകത്തിന് പിറ്റേന്ന്  റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട കുമ്പള ശാന്തിപ്പള്ളയിലെ മനു എന്ന മണികണ്ഠൻ(18), റോഷൻ(19) എന്നിവരായിരുന്നു കേസിലെ രണ്ടും മൂന്നും പ്രതികൾ.   കഴിഞ്ഞ മാസമാണ്  നായിക്കാപ്പിലെ ഒരു ഓയിൽ മില്ലിൽ ജീവനക്കാരനായ ഹരീഷിനെ ദേഹമാസകലം വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയിൽ റോഡരികിൽ കിടക്കുന്നതായി നാട്ടുകാർ കണ്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട ഹരീഷും മില്ലിലെ സഹജീവനക്കാരനായ ശരത് എന്ന ശ്രീകുമാറും തമ്മിൽ വാക്തർക്കം നടന്നിരുന്നതായി അറിയുന്നത്. ഈ സംഭവത്തിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിനിടെ ശ്രീകുമാറും  ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മണികണ്ഠനും ശരത്തും ഒന്നിച്ച് കാറിൽ സഞ്ചരിക്കുന്നത് ചിലർ കണ്ടതായ വിവരം പൊലീസിന് ലഭിച്ചിരുന്നു. ഈ കാർ ഓടിച്ചിരുന്നത് ഇപ്പോൾ അറസ്റ്റിലായ സചിൻ ആയിരുന്നു.  പൊലീസ്കേ സന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ സചിനെ സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പൊലീസ് നിരീക്ഷിച്ച് വരുന്നതിനിടെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാതെ ഇയാൾ മുങ്ങുകയായിരുന്നു.

       ഇതോടെ കേസിലിതുവരെ പ്രതിചേർക്കപ്പെട്ട മുഴുവൻ പ്രതികളും അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. ഇനിയാരെങ്കിലും കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു വരുന്നു.


No comments