JHL

JHL

സ്വർണ്ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്ത കേസിൽ പ്രതികളായ രണ്ടു പേർ മലപ്പുറത്തും വയനാട്ടിലുമായി അറസ്റ്റിൽ.


കാസര്‍കോട്(www.truenewsmalayalam.com) : സ്വർണ്ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്ത കേസിൽ പ്രതികളായ രണ്ടു പേർ മലപ്പുറത്തും വയനാട്ടിലുമായി അറസ്റ്റിൽ.

 വയനാട് പുല്‍പ്പള്ളി സ്വദേശി  സുജിത്(32), വയനാട് സ്വദേശി ജോബിഷ്(23) എന്നിവരാണ് മറ്റു കേസുകളിയായി അറസ്റ്റിലായത്.

സ്വർണ്ണ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി പണം കവർന്ന കേസിലെ മുഖ്യ പ്രതിയാണ് സുജിത്, ഇയാളെ  മലപ്പുറം കോടൂരില്‍വെച്ച് 80 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയ സംഭവത്തില്‍ വയനാട് നമ്പിക്കൊല്ലിയിലുള്ള വയല്‍മൗണ്ട് റിസോര്‍ട്ടിന് സമീപത്തുള്ള ഒളിസങ്കേതത്തില്‍ നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.

സ്വർണ്ണ വ്യാപാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ മറ്റൊരു പ്രതിയായ ജോബിഷിനെ മലപ്പുറത്തുണ്ടായ അടിപിടിക്കേസിലാണ് അറസ്റ്റ് ചെയ്തത്.

 ഇരുവരെയും സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷിക്കുന്ന കാസര്‍കോട് ഡി.വൈ.എസ്.പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുക്കും. ഇതിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥര്‍ രണ്ടുപേരെയും കസ്റ്റഡിയില്‍ കിട്ടുന്നതിനായി അവിടത്തെ കോടതിയെ സമീപിക്കും. ഇരുവര്‍ക്കും ഇവിടെ കേസ് ഉള്ളതിനാലാണ് കസ്റ്റഡിയിലെടുക്കുന്നത്. കൃത്യം നടത്തിയ ശേഷം ഇരുവരും മാസങ്ങളായി കേരളത്തിലെ പല ഭാഗങ്ങളിലും ഒളിസങ്കേതത്തില്‍ കഴിയുകയായിരുന്നു.

സ്വര്‍ണവ്യാപാരിയുടെ പണം തട്ടിയെടുത്ത കേസില്‍ നേരത്തെ എട്ട് പ്രതികളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ആറോളം വാഹനങ്ങളും പിടികൂടിയിരുന്നു. ഈ കേസില്‍ മൊത്തം 13 പ്രതികളാണുള്ളത്. ഇതില്‍ സൂത്രധാരന്‍ സിനില്‍ അടക്കം മൂന്നുപ്രതികള്‍ ഒളിവില്‍ കഴിയുകയാണ്. ഇവര്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.



No comments