JHL

JHL

മോദിജിക്ക് ജയ് വിളിച്ച് കേന്ദ്രമന്ത്രി; മിണ്ടാതിരുന്ന് യുക്രൈനിലെ ഇന്ത്യൻ വിദ്യാർഥികൾ.

 

'ഭാരത് മാതാ കീ' എന്ന് മന്ത്രി വിളിച്ചു കൊടുത്തപ്പോൾ ജയ് വിളിക്കുകയും 'മാനന്യ മോദിജീ' എന്ന് പറഞ്ഞപ്പോൾ മിണ്ടാതിരിക്കുകയും ചെയ്ത യുക്രൈനിലെ ഇന്ത്യൻ വിദ്യാർഥികളുടെ വീഡിയോ വൈറലായി.

 യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്ന് രക്ഷപ്പെട്ട് വന്ന വിദ്യാർഥികളെ സൈനിക വിമാനത്തിൽ കയറ്റിയിരുത്തിയ ശേഷം പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് മുദ്രാവാക്യങ്ങൾ വിളിച്ചു കൊടുക്കുകയായിരുന്നു.

 ഭാരത് മാതാ കീ എന്ന് പറഞ്ഞപ്പോൾ ഉറക്കെ ജയ് വിളിച്ച വിദ്യാർഥികൾ 'മനന്യ മോദിജീ' എന്ന് പറഞ്ഞപ്പോൾ മിണ്ടാതിരുന്നു.

 പിന്നീട് ഭാരത് മാതാ കീ എന്ന് പറഞ്ഞപ്പോൾ അവർ ജയ് വിളിക്കുകയും ചെയ്തു. വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ട ഈ വീഡിയോ ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

 യുക്രൈൻ രക്ഷാപ്രവർത്തനത്തെ പി.ആർ പ്രവർത്തനമാക്കിയെന്നാണ് പലരും വിമർശിക്കുന്നത്.

വിദ്യാർഥികൾക്ക് ഭക്ഷണം ഒരുക്കിയത് താനാണ് താങ്കളല്ലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് റൊമാനിയൻ മേയർ പറയുന്ന വീഡിയോയും വൈറലായിരുന്നു. യുക്രൈനിൽനിന്ന് ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ബുക്കറെസ്റ്റിലെത്തിയ കേന്ദ്രമന്ത്രിയെ റൊമാനിയൻ മേയർ നിർത്തിപ്പൊരിക്കുകയായിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് റൊമാനിയൻ നഗരത്തിലെ മേയറിൽനിന്ന് രൂക്ഷവിമർശനം നേരിട്ടത്. യുക്രൈനിൽനിന്നെത്തിയവർക്കായി ഒരുക്കിയ ദുരിതാശ്വാസ ക്യാംപിൽ ഇന്ത്യൻ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സിന്ധ്യ. ഇതിനിടയിലാണ് മേയർ ഇടപെട്ടത്. മറ്റ് വിഷയങ്ങൾ സംസാരിക്കാതെ എപ്പോൾ നാട്ടിലേക്ക് തിരിക്കുമെന്ന കാര്യം വിശദീകരിക്കൂവെന്ന് ആവശ്യപ്പെട്ടു മേയർ.

ഇതോടെ സിന്ധ്യ മേയറോട് ദേഷ്യപ്പെട്ടു. താനെന്ത് സംസാരിക്കണമെന്ന കാര്യം താങ്കൾ നിർദേശിക്കേണ്ടെന്നും അക്കാര്യം താൻ തന്നെ തീരുമാനിച്ചോളാമെന്നും സിന്ധ്യ വ്യക്തമാക്കി. ഇതോടെയാണ് മേയർ നിയന്ത്രണംവിട്ട് കയർത്തത്. വിദ്യാർത്ഥികൾ കണ്ടുനിൽക്കെ രൂക്ഷസ്വരത്തിലായിരുന്നു മേയറുടെ മറുപടി.

''ഇവർക്ക് അഭയമൊരുക്കുകയും ഭക്ഷണം എത്തിച്ചുനൽകുകയും ചെയ്തത് ഞാനാണ്. നിങ്ങളല്ല..'' ഇതായിരുന്നു മന്ത്രിക്ക് മേയറുടെ മറുപടി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയിൽ മേയറുടെ പ്രതികരണം വിദ്യാർത്ഥികൾ കൈയടിച്ചു സ്വീകരിക്കുന്നതും കാണാം. ഇത്തരം നാടകനടന്മാരെ തിരിച്ചുവിളിച്ച് വിദഗ്ധരെയും പണിയറിയുന്ന പ്രൊഫഷനലുകളെയും അയക്കൂവെന്ന് കോൺഗ്രസ് കേരളയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വിഡിയോ പങ്കുവച്ച് ആവശ്യപ്പെട്ടു. ഇത് യുദ്ധമേഖലയാണെന്നും നാടകവേദിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ജ്യോതിരാദിത്യ സിന്ധ്യയെയും ടാഗ് ചെയ്ത് ട്വീറ്റിൽ സൂചിപ്പിച്ചു. ഇന്ത്യൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി സിന്ധ്യയടക്കം നാല് മന്ത്രിമാരെ കേന്ദ്ര സർക്കാർ യുക്രൈന്റെ അയൽരാജ്യമായ റൊമാനിയയിലേക്ക് അയച്ചിരുന്നു. ഹർദീപ് പുരി, കിരൺ റിജിജു, വി.കെ സിങ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ള മന്ത്രിമാർ.

രക്ഷാപ്രവർത്തനം ഔദാര്യമല്ല, കേന്ദ്രത്തിന്റെ കടമ; വിദ്യാർഥിനിയുടെ വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി

റഷ്യൻ ആക്രമണം നടക്കുന്ന യുക്രൈനിൽ നിന്ന് ഇന്ത്യൻ പൗരൻമാരെ തിരികെയെത്തിക്കേണ്ടത് കേന്ദ്രസർക്കാരിന്റെ കടമയാണെന്നും ഔദാര്യമല്ലെന്നും രാഹുൽ ഗാന്ധി. രക്ഷാപ്രവർത്തനത്തിൽ കേന്ദ്രസർക്കാരിന്റെ വീഴ്ചയെ വിമർശിക്കുന്ന വിദ്യാർഥികളുടെ വീഡിയോ പങ്കുവെച്ചാണ് രാഹുലിന്റെ വിമർശനം. മറ്റൊരു രാജ്യത്തേക്ക് സ്വന്തം ഉത്തരവാദിത്തത്തിൽ അതിർത്തി കടന്നെത്തുന്ന വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതിനെ എങ്ങനെ രക്ഷാദൗത്യമെന്ന് പറയുമെന്നാണ് ചില വിദ്യാർഥികൾ ചോദിക്കുന്നത്. നേരത്തെയും രക്ഷാപ്രവർത്തനത്തിൽ കേന്ദ്രസർക്കാരിന് വീഴ്ച സംഭവിച്ചതായി രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചിരുന്നു. എത്രപേർ യുക്രൈനിൽ കുടുങ്ങി കിടക്കുന്നുവെന്നും എത്ര വിദ്യാർഥികളെ രക്ഷപ്പെടുത്തിയെന്നുമുള്ള കാര്യങ്ങൾ ജനങ്ങളെ അറിയിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.



No comments