JHL

JHL

ജില്ലയിലെ സ്വകാര്യ ബസുകളിൽ ഇനി കറൻസി രഹിത യാത്ര.

കാസർകോട്(www.truenewsmalayalam.com) : ജില്ലയിലെ സ്വകാര്യ ബസുകളിൽ കറൻസി രഹിത യാത്രയ്ക്കുള്ള പുതുസംരംഭത്തിനു തുടക്കമായി. പണം നൽകി  ടിക്കറ്റ് എടുക്കുന്നതിനു പകരം റീ ചാർജ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന ചലോ യാത്ര കാർഡുകൾ നൽകി ഇനി മുതൽ സ്വകാര്യ ബസുകളിൽ യാത്ര ചെയ്യാം.

 കറൻസി ഉപയോഗം പരമാവധി കുറച്ച് പരസ്പര സമ്പർക്കം ഒഴിവാക്കി ഡിജിറ്റൽ പേമെന്റ് സിസ്റ്റത്തിലേക്കു മാറുന്നതിന്റെ ഭാഗമായിട്ടാണു  പ്രൈവറ്റ്  ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സ്വകാര്യ സ്ഥാപനവുമായി സഹകരിച്ചു പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനത്തെ 6 ജില്ലകളിൽ ചലോ യാത്ര കാർഡുകൾ ഉപയോഗിച്ച് സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നുണ്ട്.  പദ്ധതിയുടെ ഉദ്ഘാടനം കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ ആർടിഒ രാധാകൃഷ്ണൻ നിർവഹിച്ചു.

 2021 ഡിസംബറിൽ ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഈ സാങ്കേതികവിദ്യ 95 ബസുകളിൽ വിജയകരമായിട്ടുണ്ട്.

സമ്പർക്കരഹിതം യാത്ര

കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്ത് സമ്പർക്കരഹിതമായ യാത്രാനുഭവം നൽകുന്നതിനായാണ് ഇപ്പോൾ ചലോ ട്രാവൽ കാർഡ് അവതരിപ്പിക്കുന്നത്. റീചാർജ് ചെയ്ത് ഒരു വാലറ്റായോ പ്രതിമാസ യാത്രാ പാസായോ കാർഡ് ഉപയോഗിക്കാം. സ്ഥിരം യാത്രക്കാർക്ക് ദിവസവും ടിക്കറ്റ് എടുക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. 

കണ്ടക്ടറുടെ മെഷീനിൽ കാർഡ് ടാപ്പ് ചെയ്തു  പാസ് ഉപയോഗിക്കാനാകും. യാത്രക്കാർക്ക് ചില്ലറ കൈയിലില്ല എന്നതിനെക്കുറിച്ച് വിഷമിക്കാതെ അവരുടെ ദിവസേനയുള്ള യാത്രയ്ക്ക് സൗകര്യപ്രദമായി പണമടയ്ക്കാം. ബസ് യാത്രക്കാർക്ക് ചലോ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോൾ 10% കിഴിവും ലഭിക്കും. 

ചലോ കാർഡ് പേമെന്റുകൾ സ്വീകരിക്കുന്ന ബസുകളിൽ ചലോ കാർഡിന്റെ സ്റ്റിക്കർ പതിക്കും. കണ്ടക്ടർമാർ വഴിയും മറ്റു കേന്ദ്രങ്ങളിലും  ചലോ കാർഡ് വാങ്ങി റീചാർജ് ചെയ്യാം. വാങ്ങുന്ന സമയത്ത് 30 രൂപ ഒറ്റത്തവണ ഫീസ് നൽകണം. 10 രൂപ മുതൽ 3,000 രൂപ വരെ എത്ര രൂപയ്ക്ക് വേണമെങ്കിലും റീചാർജ് ചെയ്യാമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റർ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ.ഗിരീഷ്, കമ്പനി പ്രതിനിധികളായ വിജയ് മേനോൻ, മനു ആർ. നായർ എന്നിവർ അറിയിച്ചു.

റീചാർജ് ചെയ്ത തുക തീരും വരെ കാലപരിമിതിയില്ലാതെ ഉപയോഗിക്കാം. ജില്ലയിലെ 100 ബസുകളിലായിരിക്കും കാർഡ് അവതരിപ്പിക്കുക. വരും മാസങ്ങളിൽ കൂടുതൽ ബസുകളിലേക്കു കൂടി ഈ സൗകര്യം വ്യാപിപ്പിക്കുമെന്നും ഇതിനു പുറമേ എല്ലാം സ്വകര്യബസുകളിലും നിരീക്ഷണ ക്യാമറകളും ജിപിആർ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്നു ഇവർ അറിയിച്ചു.



No comments