JHL

JHL

യുക്രെയ്നിൻ ഖാർകീവിൽ ഷെല്ലാക്രമണം; കർണാടക സ്വദേശിക്ക് ദാരുണാന്ത്യം.

കിയവ്(www.truenewsmalayalam.com) : യുക്രെയ്നിനിലെ ഖാർകീവിൽ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. ഇന്ന് രാവിലെയുണ്ടായ ആക്രമണത്തിലാണ് വിദ്യാർഥി കൊല്ലപ്പെട്ടത്. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കർണാടക ഹവേരി സ്വദേശിയായ നവീൻ എസ്.ജി. (21) എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. നാലാംവർഷ മെഡിക്കൽ വിദ്യാർഥിയാണ് നവീൻ.

രാവിലെ സാധനങ്ങള്‍ വാങ്ങാനായി കടയില്‍ പോയപ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. യുക്രെയ്ന്‍ സൈന്യം നിഷ്‌കര്‍ഷിച്ച സമയത്ത് ഭക്ഷണ സാധനങ്ങള്‍ വാങ്ങാനായി വരിനില്‍ക്കുമ്പോൾ ഷെല്ലാക്രമണമുണ്ടാവുകയായിരുന്നു.

റഷ്യൻ സൈന്യം രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട നഗരങ്ങളിലൊന്നാണ് യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവ്. ഇന്നലെ സമാധാന ചർച്ചകൾ അവസാനിച്ചതിന് തൊട്ടുപിന്നാലെയും റഷ്യ ഖാർകീവിൽ ആക്രമണം നടത്തിയിരുന്നു. യുക്രെയ്നിലെ വിവിധ നഗരങ്ങളിലായി 16,000ത്തോളം ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ഖാർകീവിലും മറ്റ് സംഘർഷ മേഖലകളിലും ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് അടിയന്തരമായി സുരക്ഷിതമായി രാജ്യം വിടാൻ സൗകര്യമൊരുക്കണമെന്ന ആവശ്യം ആവർത്തിച്ചുകൊണ്ട് റഷ്യയിലെയും ഉക്രെയ്‌നിലെയും അംബാസഡർമാരെ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.



No comments