JHL

JHL

ദേശീയ പാത വികസനം; റോഡ് മുറിച്ച് കടക്കാനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തം.

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : ദേശീയപാത വികസനം നടപ്പിലാകുമ്പോൾ വിദ്യാർഥികൾക്കും രോഗികൾക്കും പ്രദേശവാസികൾക്കും ടൗണിൽ പാത കുറുകെ കടക്കാൻ സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തം. മൊഗ്രാൽ പുത്തൂർ ടൗണിലാണ് ആശങ്ക ഉയർന്നിട്ടുള്ളത്. പാത വികസനം പൂർത്തിയായാൽ ഇരുഭാഗത്തു നിന്നും പ്രധാനപാത കടന്നു മറുവശം എത്തണമെങ്കിൽ അടിപ്പാത ആശ്രയിക്കണം.ഒന്നര കിലോമീറ്റർ അകലെ മൊഗ്രാലിലും 3 കിലോമീറ്റർ അകലെ ചൗക്കിയിലുമായിരിക്കും അടിപ്പാത. ഇതിനു പരിഹാരം ആവശ്യപ്പെട്ടു മുഖ്യമന്ത്രി, ദേശീയപാത പ്രോജക്ട് ഡയറക്ടർ, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉൾപ്പടെയുള്ളവർക്ക് ഗവ. ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റ് മാഹിൻ കുന്നിൽ നിവേദനം നൽകി.

സ്കൂളിലെ 2500 വിദ്യാർഥികളും ദേശീയപാതയിലെ ഇരു ഭാഗങ്ങളിലായി താമസിക്കുന്നവരാണ്. ദേശീയപാത വികസിക്കുന്നതോടെ ഈ വിദ്യാർഥികൾക്കുള്ള യാത്ര വളരെയധികം ക്ലേശകരമാകും. ദേശീയ പാതയുടെ പടിഞ്ഞാറു ഭാഗത്തു നിന്നു വരുന്നവരാണ് ഏറെയും. കൊപ്പളം, കടവത്ത്, പടിഞ്ഞാർ, കല്ലങ്കൈ, ചൗക്കി, സിപിസിആർഐ, എരിയാൽ, ചേരങ്കൈ, അടുക്കത്ത്ബയൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ഇവർ.  

പഞ്ചായത്തിലെ ഏക ചികിത്സാ കേന്ദ്രമായ മൊഗ്രാൽ പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് രോഗികൾ ചികിത്സയ്ക്കു പോകുന്ന പ്രധാന വഴികളിലൊന്നാണ് ഇത്. ബാങ്ക്, മൃഗാശുപത്രി, ഹോമിയോ ഡിസ്പെൻസറി, വിവിധ ആരാധനാലയങ്ങൾ, മദ്രസ, അങ്കണവാടി തുടങ്ങിയവയിലേക്കു പോകാൻ ബസ് ഇറങ്ങേണ്ടതും ഇവിടെയാണ്. ടൗണിൽ റോഡ് കുറുകെ കടക്കാൻ സൗകര്യം ഒരുക്കണമെന്ന് മുസ്‌ലിം ലീഗ് 15ാം വാർഡ് യോഗവും ആവശ്യപ്പെട്ടു.



No comments