JHL

JHL

മർച്ചന്റ് നേവി ജീവനക്കാർക്ക് വൈദ്യപരിശോധന ഇനി ജില്ലയിൽ.

ഉദുമ(www.truenewsmalayalam.com) : ജില്ലയിലെ മർച്ചന്റ് നേവി ജീവനക്കാർക്ക് ജോലിയുമായി ബന്ധപ്പെട്ട വൈദ്യപരിശോധനക്ക് ഇനിമുതൽ ജില്ലവിട്ട് യാത്ര ചെയ്യേണ്ടതില്ല.

 ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴിൽ മുംബൈ ആസ്ഥാനമായ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ അംഗീകാരമുള്ള ഡോക്ടർ ഇനി ചെറുവത്തൂർ കെ.എ.എച്ച്.എം ആശുപത്രിയിൽ ഉണ്ടാവും.

 കപ്പൽ ജോലിയുമായി ബന്ധപ്പെട്ട പ്രീ-സീ ട്രെയിനിങ്, ജീവനക്കാർക്കുള്ള വിവിധ പഠന-പഠനാനന്തര പരിശീലന കോഴ്സുകൾ തുടങ്ങിയവക്ക് പ്രവേശനം കിട്ടാൻ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ പരിശോധനക്കുശേഷം ഇവിടെനിന്ന് ലഭിക്കും.

 ജീവനക്കാർ അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാൻ ഉടമ്പടി ഒപ്പുവെക്കും മുമ്പ് ഓരോ തവണയും കർശനമായ മെഡിക്കൽ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്. അതത് ഷിപ്പിങ് കമ്പനികൾ അവരുടെ താൽപര്യവും സൗകര്യവുമനുസരിച്ച് മുംബൈയിലും മർച്ചന്റ് നേവി ജീവനക്കാർ ഏറെയുള്ള മറ്റിടങ്ങളിലും ഡി.ജി അംഗീകാരമുള്ള ഡോക്ടർമാർക്ക് പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകാൻ അനുമതി നൽകിയിരുന്നു.

 കേരളത്തിൽ ഏറെ കപ്പലോട്ടക്കാരുള്ള ജില്ലയിൽ, അതിനായി അംഗീകാരമുള്ള ഡോക്ടർമാർ ഇല്ലെന്ന പരാതി നേരത്തേ ശക്തമായിരുന്നു. കാഞ്ഞങ്ങാട് സെയിലേഴ്സ് ക്ലബിന്റെയും മുംബൈ ആസ്ഥാനമായുള്ള കപ്പലോട്ടക്കാരുടെ സംഘടനയായ നാഷനൽ യൂനിയൻ ഓഫ് സീഫയറേഴ്സ് ഓഫ് ഇന്ത്യയുടെയും (ന്യൂസി) ശ്രമഫലമായാണ് ഇപ്പോൾ ഇത് സാധ്യമായത്. സെയിലേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ അതിനായുള്ള ഡോക്ടറെയും ആശുപത്രിയെയും കണ്ടെത്തി.

 ചെറുവത്തൂർ കെ.എ.എച്ച്.എം ആശുപത്രിയിലെ ഡോ. മുഹമ്മദ്‌ അലിക്കാണ് ജില്ലയിൽ ഇതിനായി അംഗീകാരം ലഭിച്ചിട്ടുള്ളത്.

No comments