JHL

JHL

നിറം ചേർത്ത ചായപ്പൊടി വ്യാപകം ; ഹൊസങ്കടിയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിറം ചേർത്ത 20 പാക്കറ്റ് തേയില പിടിച്ചെടുത്തു

ഉപ്പള (www.truenewwsmalayalam.com): ഹൊസങ്കടിയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിറം ചേർത്ത 20 പാക്കറ്റ് തേയില പിടിച്ചെടുത്തു. മംഗളൂരുവിൽ നിന്നെത്തുന്ന 2 ബ്രാൻഡുകളുടെ തേയിലയിലാണു നിറം ചേർത്തതായി കണ്ടെത്തിയത്. ആകെ 5 കിലോയോളം തേയിലയുണ്ട്. ഒരാഴ്ച മുൻപ് സാധാരണ പരിശോധനയിൽ‍ തേയിലയിൽ കൃത്രിമ നിറം ചേർക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതു മൊബീൽ ഫുഡ് സേഫ്റ്റി ലാബിൽ പരിശോധിച്ചു. തുടർന്നാണ് ഇന്നലെ പരിശോധന നടത്തിയത്. വിരാജ്, വേദ്ഗിരി എന്നീ പേരുള്ള ബ്രാൻഡുകളിലെ തേയിലയാണ് പരിശോധനയ്ക്കായി അയച്ചത്.  പിടിച്ചെടുത്ത തേയില വിശദമായ പരിശോധനയ്ക്കായി കോഴിക്കോട് റീജനൽ അനലിറ്റിക്കൽ ലാബിലേക്ക് പരിശോധനയ്ക്കയച്ചു. മറ്റു സ്ഥാപനങ്ങളിലും ഈ ബ്രാൻഡ് തേയില എത്തുന്നുണ്ടെന്ന് കടയുടമ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.  സ്ഥാപന ഉടമയ്ക്കും മംഗളൂരുവിലെ തേയില ബ്രാൻഡുകൾക്കും നോട്ടിസ് അയയ്ക്കും. മഞ്ചേശ്വരം സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫിസർ വിഷ്ണു ഷാജി, ഭക്ഷ്യ സുരക്ഷാ വകുപ്പ് ജീവനക്കാരനായ മനു എന്നിവരാണ്  പരിശോധന നടത്തിയത്.

No comments