JHL

JHL

നിപ; കോഴിക്കോട് 23 വരെ ഓൺലൈൻ ക്ലാസുകൾ മാത്രം.


കോഴിക്കോട്(www.truenewsmalayalam.com) : ജില്ലയിലെ വിദ്യാർഥികൾക്ക്​ സെപ്തംബർ 23 വരെ ഓൺലൈൻ ക്ലാസുകൾ മാത്രം. വിവിധയിടങ്ങളിൽ നിപ സ്ഥിരീകരിക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടതിനാലാണിതെന്ന്​ ജില്ല കലക്ടർ ഉത്തരവിൽ വ്യക്തമാക്കി.

സെപ്റ്റംബർ 18 മുതൽ 23വരെ ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങളിലും ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലാണ്​ നടത്തേണ്ടത്​. വിദ്യാർഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുത്താൻ പാടില്ല. അംഗനവാടികൾ, മദ്രസകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിലും വിദ്യാർഥികൾ എത്തിച്ചേരേണ്ടതില്ല.

പൊതു പരീക്ഷകൾ നിലവിൽ മാറ്റമില്ലാതെ തുടരും. പരീക്ഷകൾ മാറ്റിവെക്കുന്നത് സംബന്ധിച്ച് സർക്കാർ നിർദേശം ലഭ്യമാകുന്ന മുറക്ക് നടപടികൾ സ്വീകരിക്കുമെന്നും കലക്​ടർ പറഞ്ഞു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബർ 18 മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ക്ലാസുകൾ ഓൺലൈനായിരിക്കുമെന്നായിരുന്നു കലക്ടർ ശനിയാഴ്ച ഉച്ചക്ക്​ ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ ജനങ്ങളിൽ ഭീതിയുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് ഈ ഉത്തരവ് തിരുത്തി 23 വരെ എന്നാക്കി മാറ്റുകയായിരുന്നു.

കർശനമായ നിയന്ത്രണങ്ങളാണ് കണ്ടൈൻമെന്റ് സോണിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമായതിനാലാണ് കഴിഞ്ഞ ദിവസങ്ങളിൽ അവധി നൽകിയത്. തുടർച്ചയായ അവധി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുത്.

കുട്ടികൾ വീടിനു പുറത്തുപോയി ആപത്തുകളിൽപെടാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. പകർച്ചവ്യാധി കാരണമുണ്ടായേക്കാവുന്ന ദുരന്തങ്ങൾ തടയുന്നതിനായി, ദുരന്തനിവാരണ നിയമം സെക്ഷൻ 26, 30, 34 പ്രകാരമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും ഉത്തരവിൽ പറയുന്നു.


No comments