തിരുവനന്തപുരത്ത് നിപ സംശയം; സ്രവ സാമ്പിളുകൾ പരിശോധനക്ക് അയക്കും
തിരുവനന്തപുരം(www.truenewsmalayalam.com) : കോഴിക്കോടിന് പിന്നാലെ തിരുവനന്തപുരത്ത് വീണ്ടും നിപ സംശയം. കാട്ടാക്കട സ്വദേശിയുടെയും കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിക്കുന്ന തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിനിയുടെയും സ്രവ സാമ്പിളുകൾ ഇന്ന് പരിശോധനക്ക് അയക്കും. തിരുവനന്തപുരം തോന്നക്കലിലെ വൈറോളജി ലാബിൽ നടത്തുന്ന സ്രവ പരിശോധനയുടെ ഫലം നാളെ രാവിലെ ലഭിച്ചേക്കും.
കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് എത്തിയ മെഡിക്കൽ വിദ്യാർഥിനിക്ക് പനിയുടെ ലക്ഷണം കണ്ടു. നിപയാണോ എന്ന് സംശയം തോന്നിയ വീട്ടുകാരുടെ ആവശ്യ പ്രകാരമാണ് വിദ്യാർഥിനിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുംബൈ നിന്ന് കോഴിക്കോട് വഴി തിരുവനന്തപുരത്ത് എത്തിയതാണ് കാട്ടാക്കട സ്വദേശിയായ 72കാരൻ. വീട്ടിലെത്തിയ ഇയാൾക്ക് ശ്വാസംമുട്ടലും പനിയും ശാരീരിക ക്ഷീണവും അനുഭവപ്പെട്ടു. തുടർന്ന് നിപയാണോ എന്ന് സംശയത്തിലാണ് കാട്ടാക്കട സ്വദേശിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വീട്ടുകാരുടെ ആവശ്യ പ്രകാരമാണ് രണ്ടു പേരുടെയും സ്രവം പരിശോധനക്ക് അയയ്ക്കാൻ തീരുമാനിച്ചതെന്ന് ഡി.എം.ഒ അറിയിച്ചു.
Post a Comment