JHL

JHL

സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത നിർദേശങ്ങൾ നൽകി സർക്കാർ.

 

കോഴിക്കോട്(www.truenewsmalayalam.com) : സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സർക്കാർ ജാഗ്രത നിർദേശങ്ങൾ നൽകി. കോഴിക്കോട് രണ്ട് പേരുടെ മരണം നിപ ബാധമൂലമാണെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള രണ്ട് പേർക്കും നിപയുണ്ട്. ഇതേത്തുടർന്ന് ഏഴ് പഞ്ചായത്തുകളിലെ വാർഡുകൾ കണ്ടെയിൻമെന്‍റ് മേഖലയായി പ്രഖ്യാപിച്ചു. ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, വില്യാപ്പള്ളി, കാവിലുംപാറ പഞ്ചായത്തുകളിലായി 43 വാർഡുകളിലാണ് കണ്ടെയിൻമെന്‍റ് സോൺ.

ജാഗ്രത നിർദേശങ്ങൾ

വവ്വാലുകളെ ഭയപ്പെടുത്തി ഓടിക്കുവാൻ ശ്രമിക്കുകയോ വവ്വാലുള്ള മരങ്ങൾ വെട്ടിമാറ്റുകയോ ചെയ്യരുത്. ഇത്തരം സന്ദർഭങ്ങളിൽ അവയ്ക്ക് സമ്മർദങ്ങൾ ഉണ്ടാവുകയും അവയുടെ സ്രവ വിസർജ്യങ്ങൾ വർധിക്കുകയും അതിലൂടെ കൂടുതൽ വൈറസുകൾ പുറന്തള്ളുന്നതിന് കാരണമാകുകയും ചെയ്യുന്നു.

വവ്വാലുകളുടെ കോളനികളുള്ള പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. വവ്വാലുകൾ കടിച്ചതോ അവയുടെ വിസർജ്ജ്യം കലർന്നതോ ആയ പഴങ്ങൾ ഭക്ഷിക്കുകയോ വളർത്ത് മൃഗങ്ങൾക്ക് നൽകുകയോ ചെയ്യരുത്.

വവ്വാലുകളുടെ സാന്നിധ്യമുള്ള മരങ്ങൾക്ക് കീഴിൽ വളർത്തു മൃഗങ്ങളെ മേയാൻ അനുവദിക്കാതിരിക്കുക.

വീട്ടുവളപ്പിലെ പഴങ്ങൾ ശുചിയാക്കിയ ശേഷം മാത്രം കഴിക്കുക. പഴങ്ങളിൽ വവ്വാലോ മറ്റുജീവികളോ കുടിച്ചതോ കൊത്തിയതോ ആയ പാടുകളില്ല എന്ന് ഉറപ്പ് വരുത്തുക.

പഴങ്ങൾ ശുചിയാക്കുമ്പോൾ സോപ്പ് വെള്ളത്തിൽ 10-15 മിനുട്ട് മുക്കി വെക്കുക, തുടർന്ന് ശുദ്ധ ജലത്തിൽ കഴുകി ഉപയോഗിക്കാവുന്നതാണ്.

പുറം തൊലിയുള്ള പഴങ്ങൾ തൊലിനീക്കം ചെയ്ത് കഴിക്കാവുന്നതാണ്. റമ്പൂട്ടാൻ പോലെ പുറംനാരുകളുള്ള പഴങ്ങളുടെ തൊലി വായ്കൊണ്ട് നീക്കം ചെയ്യാൻ ശ്രമിക്കാതിരിക്കുക.

നിപ ബാധിതരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും; ചികിത്സയിലുള്ളവർക്ക് മരുന്ന് ഇന്ന് എത്തും

തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. നിപ ബാധിതരുമായി ഇടപഴകിയ മുഴുവനാളുകളെയും കണ്ടെത്തി പ്രൈമറി, സെക്കൻഡറി സമ്പർക്കപ്പട്ടികയിലുൾപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ പറഞ്ഞു. ചികിത്സയിൽ കഴിയുന്നവർക്ക് മരുന്നായി നൽകുന്ന മോണോക്ലോണൽ ആന്‍റിബോഡി ഇന്ന് തന്നെ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ രണ്ട് രോഗ പ്രഭവ കേന്ദ്രമാണ് ഉള്ളത്. ഇവയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ കണ്ടെയിൻമെന്‍റ് സോൺ പ്രഖ്യാപിച്ച് നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കണ്ടെയിൻമെന്‍റ് സോണുകളിൽ കർശനമായ നിയന്ത്രണം നടപ്പാക്കുന്നുണ്ടെന്നും ജനങ്ങൾ പൂർണമായും സഹകരിക്കുന്നുണ്ടെന്നും കോഴിക്കോട് ജില്ല കലക്ടർ എ. ഗീത പറഞ്ഞു. ഇന്ന് വൈകുന്നേരം അവലോകന യോഗം ചേരും. കേന്ദ്ര സംഘം ഇന്ന് കോഴിക്കോട് എത്തുമെന്നും കലക്ടർ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ മരുതോങ്കര, ആയഞ്ചേരി പഞ്ചായത്തുകളിലാണ് നിപ ബാധിച്ച് രണ്ട് മരണമുണ്ടായത്. മരുതോങ്കര കള്ളാട്ട് മുഹമ്മദലി (45), ആ‍യഞ്ചേരി മംഗലാട്ട് ഹാരിസ് (40) എന്നിവരുടെ മരണം നിപ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിയുന്ന ഏഴ് പേരിൽ രണ്ട് പേർക്ക് നിപ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേർക്ക് നെഗറ്റീവാണ്. മൂന്ന് പേരുടെ സാംപിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകളെ കണ്ടെയിൻമെന്‍റ് സോണാക്കി കർശന നിയന്ത്രണമേർപ്പെടുത്തി. മരണം റിപ്പോർട്ട് ചെയ്ത മരുതോങ്കര, ആയഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെയും സമീപ പഞ്ചായത്തുകളിലുമാണ് വാർഡുകളെ കണ്ടെയിൻമെന്‍റ് സോണാക്കിയത്.

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് - 1, 2, 3, 4, 5, 12, 13, 14, 15 വാർഡ്

മരുതോങ്കര ഗ്രാമപഞ്ചായത്ത് - 1, 2, 3, 4, 5, 12, 13, 14 വാർഡ്

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് - 1, 2, 20 വാർഡ്

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് - 3, 4, 5, 6, 7, 8, 9, 10 വാർഡ്

കായക്കൊടി ഗ്രാമപഞ്ചായത്ത് - 5, 6, 7, 8, 9 വാർഡ്

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് - 6, 7 വാർഡ്

കാവിലുംപാറ ഗ്രാമപഞ്ചായത്ത് - 2, 10, 11, 12, 13, 14, 15, 16 വാർഡ്

കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കില്ല. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ. പ്രവർത്തന സമയം രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ മാത്രം. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.

സർക്കാർ -അർധസർക്കാർ-പൊതുമേഖല- ബാങ്കുകൾ, സ്കൂളുകൾ, അംഗൻവാടികൾ എന്നിവ പ്രവർത്തിക്കരുത്. തദ്ദേശ സ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫിസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കണം.

കണ്ടെയിൻമെന്‍റ് വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കും. നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടില്ല.


No comments