കോഴി മാലിന്യ സംസ്കരണ പ്ലാൻ്റ്; സേവ് അനന്തപുരം കർമസമിതി അനിശ്ചിതകാല സമരത്തിലേക്ക്.
കുമ്പള(www.truenewsmalayalam.com) : പുത്തിഗെ പഞ്ചായത്തുകളുടെ പരിധിയിലുള്ള അനന്തപുരം വ്യവസായ പാർക്കിൽ പ്രവർത്തിക്കുന്ന കോഴിമാലിന്യ സംസ്കരണ പ്ലാന്റിൽ നിന്ന് പുറത്തേക്ക് വമിക്കുന്ന ദുർഗന്ധത്തിനു പരിഹാരമാവശ്യപ്പെട്ട് കർമസമിതി അനിശ്ചിതകാല സമരത്തിലേക്ക്.
സേവ് അനന്തപുരം കർമസമിതി ഒക്ടോബർ രണ്ടിനു ഗാന്ധിജയന്തി ദിനത്തിൽ വ്യവസായ യൂണിറ്റിനു സമീപത്തായി അനിശ്ചിതകാല സമരം തുടങ്ങും. ജില്ലാ കളക്ടർ ഉൾപ്പടെ വിവിധ വകുപ്പ് മേധാവികൾക്ക് നിവേദനം നൽകിയെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാത്തതിനാലാണ് സമരരംഗത്തിറങ്ങുന്നത്.
കോഴി മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്ന് വമിക്കുന്ന ദുർഗന്ധവും, പുറത്തേക്ക് ഒഴുക്കുന്ന മലിന ജലവും ഇല്ലാതാക്കുക, തൊട്ടടുത്ത മറ്റൊരു യൂണിറ്റിൽ നിന്നു പാറകൾ പൊടിച്ച് മണൽ കടത്തുന്നത് നിർത്തലാക്കുക. എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
കണ്ണൂർ, പെർണ, കാമന വയൽ, അനന്തപുരം, നാരായണമംഗലം, പൊട്ടോരി എന്നിവിടങ്ങളിൽ താമസിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളാണ് ദുർഗന്ധം മൂലം ദുരിതമനുഭവിക്കുന്നത്.
കൂടാതെ കണ്ണൂർ ഗവ.എൽ.പി.സ്കൂൾ, കാമന വയൽ, നായ്ക്കാപ്പ്, കണ്ണൂർ എന്നിവിടങ്ങളിലെ അങ്കണവാടി വിദ്യാർഥികളും ദുരിതമനുഭവിക്കുന്നു. ദുർഗന്ധം കാരണം ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിലാണ് പലരും .
കർമസമിതി പ്രസിഡൻ്റ് ടി.ഷെറീഫ് ,സെക്രട്ടറി സുനിൽ അനന്തപുരം, വൈസ് പ്രസിഡൻ്റ് എ.കെ.അഷ്റഫ് ,സ്വാഗത് സീതാംഗോളി, പുത്തിഗെ പഞ്ചായത്തംഗം ജനാർദനൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Post a Comment