കുമ്പളയിലെ കവർച്ചാ പരമ്പര; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം-മൊഗ്രാൽ ദേശീയവേദി.
മൊഗ്രാൽ(www.truenewsmalayalam.com) : കുമ്പളയിലും പരിസരപ്രദേശങ്ങളിലും കവർച്ചകൾ പെരുകുന്നതും, പോലീസിന് തുമ്പ് കിട്ടാത്ത സാഹചര്യത്തിലും സമഗ്ര അന്വേഷണത്തിന് ജില്ലയിൽനിന്ന് കഴിവ് തെളിയിച്ച പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.
പട്ടാപ്പകൽ പോലും കവർച്ചകൾ പെരുകുന്നു. ഏറ്റവും ഒടുവിലായി നടന്നത് മൊഗ്രാൽ ചളിയങ്കോട് റഹ്മത്ത് നഗറിലാണ്. വിരലടയാള വിദഗ്ധരേയും, ഡോഗ് സ്‌ക്വാഡിനേയുമൊ ക്കെ അന്വേഷണത്തിന്റെ ഭാഗമാക്കിയെങ്കിലും കള്ളന്മാർ ഇപ്പോഴും പരിധിക്ക് പുറത്താണ്.മോഷ്ടാക്കൾ എന്ന് കരുതുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പോലും പലയിടത്തുനിന്നും ശേഖരിച്ചിട്ടും മോഷ്ടാക്കളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
കുമ്പള ടൗണിൽ കഴിഞ്ഞ ആറുമാസത്തിനിടയിൽ നിരവധി വ്യാപാര സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. ഒരു കേസിലും പോലീസിന് ഇതുവരെ തുമ്പു ണ്ടാക്കാനായിട്ടില്ല. ഒട്ടേറെ വീടുകളിൽ ചെറുതും,വലുതുമായ കവർച്ചകൾ നടന്നു. കവർച്ചകൾ പെരുകുന്നതിൽ വ്യാപാരികളും, വീട്ടുകാരും ഏറെ ആശങ്കയിലാണുള്ളത്.വ്യാപാര സ്ഥാപനങ്ങളിലെയും, വീടുകളിലെയും എല്ലാ കവർച്ചകളും സമാന രീതിയിലുള്ളതാണെന്ന് പോലീസ് തന്നെ പറയുന്നുണ്ട്. കവർച്ചയ്ക്ക് പിന്നിൽ ഒരേ സംഘമായിരിക്കാം എന്ന വിലയിരുത്തലുക ളുമുണ്ട്. കുമ്പള അതിർത്തി പ്രദേശമായതിനാൽ മോഷ്ടാക്കൾക്ക് വേഗത്തിൽ രക്ഷപ്പെടാനുള്ള പഴുതുകൾ ഏറെയുണ്ട്.
ഇതൊക്കെ അന്വേഷണ പരിധിയിൽ വരണം. ഈ സാഹചര്യത്തിൽ ഒരു വർഷത്തിനിടയിൽ കുമ്പളയിലും പരിസരപ്രദേശങ്ങളും നടന്ന മുഴുവൻ കവർച്ചകളും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയമിക്കണമെന്നാണ് മൊഗ്രാൽ ദേശീയ വേദിയുടെ ആവശ്യം.ഇത് സംബന്ധിച്ച് ഡിജിപി ജില്ലാ പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകുമെന്ന് പ്രസിഡണ്ട് വിജയകുമാർ, സെക്രട്ടറി റിയാസ് കരീം, ട്രഷറർ എച്ച്എം കരീം എന്നിവർ അറിയിച്ചു.
Post a Comment