JHL

JHL

വരൾച്ച മുന്നിൽ കണ്ട് ജലസേചന വകുപ്പ് നടപടികൾ ആരംഭിച്ചു; മുഖം മിനുക്കാനൊരുങ്ങി മൊഗ്രാൽ കാടിയംകുളം.


മൊഗ്രാൽ(www.truenewsmalayalam.com) : നൂറ്റാണ്ട് പഴക്കമുള്ള മൊഗ്രാൽ കാടിയംകുളം ജലസ്രോതസ്സ് സംരക്ഷിക്കാനൊരുങ്ങി ജലസേചന വകുപ്പും, ജില്ലാ പഞ്ചായത്തും. മഴയുടെ കുറവും,കാലാവസ്ഥ വ്യതിയാനവും മുന്നിൽ കണ്ടുകൊണ്ടാണ് കാടിയംകുളം ശുദ്ധജലത്തിനായി പ്രയോജനപ്പെടുത്താൻ ജലസേചന വകുപ്പും, ജില്ലാ പഞ്ചായത്തും നീക്കം തുടങ്ങിയിരിക്കുന്നത്.

 ഇതുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് അധികൃതർ കാടിയംകുളം പ്രദേശം സന്ദർശിക്കുകയും ചെയ്തു.

 30 വർഷങ്ങൾക്ക് മുമ്പ് ജില്ലാ പഞ്ചായത്ത് കുടിവെള്ള പദ്ധതിക്കായി കണ്ട് വെച്ച പദ്ധതി പ്രദേശമാണ് കാടിയംകുളം. പദ്ധതിക്കായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും പിന്നീട് പാതിവഴിയിൽ ഉപേക്ഷിച്ചു. ഒരു നാടിന്റെ മുഴുവൻ ദാഹം അകറ്റാനുള്ള ജലസ്രോതസ്സുള്ള പ്രദേശമാണ് കാലിയംകുളം. ഇപ്പോൾ കിണറും, കുളവുമൊക്കെ ചെളിയിൽ മുങ്ങി കിടക്കുന്ന നിലയിലാണ്.

 പദ്ധതിക്ക് പുതുജീവൻ വേണമെന്ന് ഗ്രാമപഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ ആവശ്യപ്പെട്ടതോടെയാണ് ജല വിഭവ വകുപ്പ് പദ്ധതി പ്രദേശം സന്ദർശിച്ചത്. പ്രദേശവാസികളുമായി ഏറെനേരം സംസാരിച്ച ശേഷം കാടിയംകുളം മുഖംമിനുക്കിയതിന് ശേഷം ശുദ്ധജലത്തിനായി പ്രയോജനപ്പെടുത്താനുള്ള പദ്ധതി ജലസേചന വകുപ്പിനും, ജില്ലാ പഞ്ചായത്തിനും സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

കേന്ദ്രസർക്കാറിന്റെ ജൽ ജീവൻ പദ്ധതിയിലോ,അമൃത് സരോവറിലോ, സംസ്ഥാന സർക്കാരിന്റെ മറ്റു പദ്ധതികളിലോ  ഉൾപ്പെടുത്തി പദ്ധതി നടപ്പിലാക്കാൻ കഴിയുമോ എന്ന് ആരായും.

 തുടക്കത്തിൽ പദ്ധതി പ്രദേശം മുഖം മിനുക്കുന്നതിന്‍റെ ഭാഗമായി ചുറ്റുമതിൽ നിർമ്മിക്കും. ചെളിവെള്ളം നീക്കംചെയ്യും. ഇഴജന്തുക്കളുടെ താവളമാക്കാനും, മാലിന്യം വലിച്ചെറിയുന്നതിനും ഈ ജലസ്രോതസ്സ് ഉപയോഗപ്പെടുത്താൻ പാടില്ല. മൊഗ്രാൽ നിവാസികളുടെ കാലങ്ങളായുള്ള സ്വപ്ന പദ്ധതി പ്രദേശമാണ് കാടിയംകുളം.

 പദ്ധതി പ്രദേശം ജല വിഭവ വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ ഗൂകുൽ, സൗരവ്, വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ, എം മാഹിൻ മാസ്റ്റർ, മൊഗ്രാൽ ജിവിഎച്ച്എസ്എസ് പിടിഎ പ്രസിഡണ്ട് സിദ്ദീഖ് റഹ്മാൻ, ഹമീദ് പെർവാട്, മസൂദ്, ഹമീദ് കെകെപുറം,ഹാരിസ് ബഗ്‌ദാദ്‌,ആസിഫ് കൊപ്പളം, എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.



No comments