JHL

JHL

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് മികവേറും; ഡിടിപിസിയും കേരള കേന്ദ്ര സര്‍വകലാശാലയും കൈകോര്‍ക്കുന്നു.


കാസർകോട്(www.truenewsmalayalam.com) : വിനോദ സഞ്ചാര കേന്ദ്രങ്ങളെ മികവുറ്റതാക്കി ജില്ലയെ പ്രമുഖ ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റാനും, ജില്ലയിലെ ടൂറിസം സാധ്യതകളും അവസരങ്ങളും കണ്ടെത്തുന്നതിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും (ഡി.ടി.പി.സി) കേരള കേന്ദ്ര സര്‍വകലാശാലയിലെ ടൂറിസം പഠനവകുപ്പും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു.

 വിനോദ സഞ്ചാര ഭൂപടത്തില്‍ കാസര്‍കോടിന്റെ ഇടം കൂടുതല്‍ ശ്രദ്ധേയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇരു സ്ഥാപനങ്ങളും കേന്ദ്രീകരിക്കും.

 ജില്ലയില്‍ പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കൂട്ടായി നടത്തും.

നിലവിലുള്ള കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരികള്‍ അഭീമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, ടൂറിസം വികസന സാധ്യതകള്‍, ടൂറിസത്തിലൂടെയുള്ള പ്രാദേശിക വികസനം തുടങ്ങിയവയെ കുറിച്ച് പഠനം നടത്തും. പഠന റിപ്പോര്‍ട്ട് ഡി.ടി.പി.സിക്ക് കൈമാറും.

 ജില്ലയിലെ സാംസ്‌കാരിക കലാ വൈവിധ്യങ്ങള്‍, പരമ്പരാഗത രുചിഭേദങ്ങള്‍-ഉത്പന്നങ്ങള്‍, എന്നിവ വിനോദ സഞ്ചാരവുമായി ബന്ധപ്പെടുത്താനുള്ള പഠനവും ശ്രമങ്ങളും നടത്തും. ഡി.ടി.പി.സി സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് ടൂറിസം പഠന വകുപ്പിന്റെ സഹകരണം ഉണ്ടാവും.

ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ധാരണപാത്രം ഒപ്പിടലില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാനും ജില്ലാ കളക്ടറുമായ കെ.ഇമ്പശേഖറും ടൂറിസം പഠന വകുപ്പ് മേധാവി ഡോ.ടി.എ.ബിനോയും ധാരണാപത്രം കൈമാറി. ചടങ്ങില്‍ ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, കേരള കേന്ദ്ര സര്‍വകലാശാല സ്‌കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീന്‍ പ്രൊഫ. ടി.ജി സജി, ടൂറിസം പഠന വകുപ്പ് ഫാക്കല്‍റ്റി ഡോ. കെ.ഐ. ശിവപ്രസാദ് എന്നിവര്‍ പങ്കെടുത്തു.


No comments