JHL

JHL

ഡോക്ടറെ അസഭ്യം പറഞ്ഞെന്ന കേസിൽ വിശദീകരണവുമായി ജില്ലാ പഞ്ചായത്തംഗം ഗോൾഡൻ റഹ്മാൻ




ഉപ്പള(www.truenewsmalayalam.com) :  ജില്ലാ പഞ്ചായത്തംഗം ഡോക്ടറെ അസഭ്യം പറഞ്ഞതായി കേസ്, വിശദീകരണവുമായി ഗോൾഡൻ റഹ്മാൻ. 

മംഗല്‍പ്പാടി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ പ്രണവിന്റെ പരാതിയിലാണ് കേസ്.
 നാല് ദിവസം മുമ്പ് അബ്ദുല്‍ റഹ്മാന്റെ കുട്ടിയെ അസുഖത്തെ തുടര്‍ന്ന് മംഗല്‍പ്പാടി സര്‍ക്കാര്‍ ആസ്പത്രിയില്‍ കൊണ്ടുവന്ന് ഡോക്ടറെ കാണിച്ചിരുന്നു, തുടർന്ന് ഫാര്‍മസിയില്‍ നിന്ന് മരുന്ന് വാങ്ങാന്‍ ഡോക്ടര്‍ നല്‍കിയ കുറിപ്പടിയില്‍ ഒരു മരുന്ന് ഇല്ലാത്തതിനെ തുടര്‍ന്ന് അബ്ദുല്‍ റഹ്മാന്‍ ബഹളം വെക്കുകയും, ഇതുകേട്ട് ഓടിയെത്തി പിന്തിരിപ്പാക്കാന്‍ ശ്രമിച്ച ഡോക്ടര്‍ പ്രണവിനെ അബ്ദുല്‍ റഹ്മാന്‍ അസഭ്യം പറയുകയുമായിരുന്നെന്നാണ് കേസ്.

എന്നാൽ സത്യാവസ്ഥ അതല്ലെന്ന് പറഞ്ഞ് ഗോൾഡൻ റഹ്മാൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:- 

"മംഗൽപാടി താലൂക്ക് ഹോസ്പിറ്റലിലുണ്ടായ വിഷയവുമായി ബന്ധപ്പെട്ട സത്യാവസ്ഥ ഇതാണ്.

കഴിഞ്ഞ പത്തൊമ്പതാം തിയ്യതി വൈകുന്നേരം എന്റെ മകളുടെ ചികിത്സാവശ്യാർത്ഥം മംഗൽപാടി താലൂക്ക് ആശുപത്രിയിൽ പോവുകയും ഡോക്ടർ ചെക്കപ്പിന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.ചെക്കപ്പിന് കൂടുതൽ സമയം ആവശ്യമായത് കൊണ്ടും ഫാർമസി അടയ്ക്കാനുള്ള സമയം ആയത് കൊണ്ടും മരുന്നിനുള്ള കുറിപ്പ് ഡോക്ടറോട് മുൻകൂട്ടി ഞാൻ ആവശ്യപ്പെട്ടു. തുടർന്ന് കുറിപ്പുമായി ഫാർമസിയിൽ പോയപ്പോൾ ചുമയ്ക്കുള്ള മരുന്ന് ലഭ്യമല്ല എന്ന് പറഞ്ഞു. ഒരു ജനപ്രതിനിധി എന്ന നിലയിൽ ഞാൻ എപ്പോഴാണ് സ്റ്റോക്ക് തീർന്നത് എന്ന് അന്വേഷിച്ചു. അവരുടെ ഭാഗത്ത് നിന്ന് തൃപ്തികരമല്ലാത്ത മറുപടി ലഭിച്ചത് കൊണ്ട് സ്റ്റോക്ക് കൈകാര്യം ചെയ്യുന്നവരുടെ നമ്പർ തരാൻ ആവശ്യപ്പെട്ടു. അവരുടെ നമ്പറും ഫാർമസിയിൽ ഉള്ളവർ എനിക്ക് കൈമാറിയില്ല. തുടർന്ന് ഡോക്ടർ വരുകയും എന്നോട് കയർത്ത് സംസാരിക്കുകയും ഇവിടെ ഷോ ഇറക്കരുതെന്ന് പറയുകയും ചെയ്തു. എന്റെ  പിന്നിലുണ്ടായിരുന്ന മറ്റൊരു വ്യക്തി ഡോക്‌ടറോട് ഇത് ഞങ്ങളുടെ ജില്ലാ മെംബറാണെന്നും, ഷോ ഇറക്കിയതല്ല കാര്യങ്ങൾ അന്വേഷിച്ചതാണെന്നും പറഞ്ഞ് തിരുത്തി കൊടുക്കുകയും ചെയ്തു. തുടർന്ന് ഡോക്ടർ അവിടെ നിന്ന് പോവുകയും ചെയ്തു. പിന്നീട് മറ്റൊരാളിൽ നിന്നും ഞാൻ ഫാർമസി സ്റ്റോക്ക് കൈകാര്യം ചെയ്യുന്നവരുടെ നമ്പർ സംഘടിപ്പിക്കുകയും സ്റ്റോക്കുമായി ബന്ധപ്പെട്ട വിവരം അന്വേഷിച്ചപ്പോൾ സ്റ്റോക്ക് തീർന്നു കുറച്ച് ദിവസമായെന്നും പുതിയ സ്റ്റോക്ക് വന്നില്ല എന്നും തൃപ്തികരമായ രീതിയിൽ അദ്ദേഹം മറുപടി പറയുകയും ചെയ്തു. സ്റ്റോക്ക് തീർന്ന വിവരം ഞാൻ മഞ്ചേശ്വരം ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡണ്ടിൻ്റെയും മറ്റു ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു.പിന്നീട് രണ്ട് ദിവസം കഴിഞ്ഞാണ് എനിക്കെതിരെ ഈ വിഷയത്തിൽ ഡോക്ടർ പരാതി നൽകുന്നത്. തീർത്തും ഒരു ജനപ്രതിനിധിയായത് കൊണ്ടും ആശുപത്രിയുടെ എച്ച്.എം.സി അംഗമായത് കൊണ്ടാണ് ഈ വിഷയത്തിൽ ഇടപെട്ടത്. എനിക്കെതിരിൽ പരാതി ഉണ്ടെങ്കിൽ മറ്റു ഹോസ്പിറ്റൽ അധികാരികളുമായോ മേലുദ്യോഗസ്ഥരുടെ മുമ്പിലോ പരാതി നൽകാമായിരുന്നു.

ഇവിടെ എനിക്കെതിരെ കേസുമായി മുന്നോട്ട് പോയത് രാഷ്ട്രീയമായും വ്യക്തിപരമായും എന്നെ തകർക്കാനുള്ള ഗൂഢലക്ഷ്യം തന്നെ എന്നത് വ്യക്തമാണ്. ഒരു ജനപ്രതിനിധി എന്ന രീതിയിൽ സർക്കാർ സ്ഥാപനത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചതിന് ഈ രീതിയിലുള്ള പ്രതികരണം ലഭിക്കുന്നത് അത്യന്തം ഖേദകരമാണ്. ഇതുവരെ ജനങ്ങൾക്ക് വേണ്ടിയാണ് നിലകൊണ്ടത് ,എനിയും അങ്ങനെ തന്നെ മുന്നോട്ടു പോവാനാണ് തീരുമാനം. ഈ കേസിനെയും നിയമപരമായി ശക്തിയുക്തം നേരിടും."



No comments