JHL

JHL

കൂബണൂർ മാലിന്യ പ്ലാന്റിലെ തീപിടുത്തം; ഉന്നത അന്വേഷണം വേണം - മംഗൽപാടി ജനകീയ വേദി


മംഗൽപാടിയിലെ കുബണൂരിൽ വർഷങ്ങളായി കുന്നുകൂടി കിടക്കുന്ന  വിവാദത്തിലുള്ള മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെപ്പറ്റി വിദഗ്ധ അന്വേഷണം നടത്തണമെന്ന് മംഗൽപാടി ജനകീയ വേദി ആവശ്യപ്പെട്ടു. 

മാലിന്യങ്ങൾ തീയിട്ടു നശിപ്പിക്കുന്നത് കുറ്റകരമാക്കിയ സർക്കാരിന്റെ ഉത്തരവ് കാറ്റിൽപ്പറത്തി ഇരുട്ടിന്റെ മറവിൽ മാലിന്യം തീ കൊടുത്ത് വിഷപ്പുകസൃഷ്ടിച്ച കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്നാണ് ജനകീയ വേദിയുടെ ആവശ്യം. ഇല്ലെങ്കിൽ മാലിന്യം കത്തിക്കുന്നതിന്ന് ജനങ്ങളിൽ നിന്ന് പിഴ ഈടാക്കുകയും ഇത്തരം വലിയ കുറ്റവാളികളെ ഒഴിവാക്കുകയും ചെയ്താൽ നിയമത്തിന് അർത്ഥമില്ലാതാകും.

മാലിന്യം നീക്കം ചെയ്യാൻ ഉത്തരവാദിത്വ പ്പെട്ടവർ അത് ചെയ്യാതെ തീയിട്ട് നശിപ്പിച്ച് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ തീപിടുത്തം എന്ന് ജനങ്ങൾ സംശയിക്കുന്നു. തീയിട്ട് നശിപ്പിക്കുന്നതിലൂടെ മാലിന്യ പ്ലാന്റും  അതുമായി ബന്ധപ്പെട്ട യന്ത്രസാമഗ്രികളും ഉൾപ്പെടെ ഇല്ലാതാക്കുകയെന്ന ഗൂഢ ലക്ഷ്യവും ഇതിന്റെ പിന്നിൽ ഉണ്ടാവാനാണ് സാധ്യത.ഇത്തരം സംഭവങ്ങൾ പൊതു സ്വത്ത് നശിപ്പിക്കുന്ന കുറ്റവുംകൂടിയാണ്. 

 വർഷങ്ങളായി കുബണൂരിലെ മാലിന്യ പ്രശ്നം പ്രാദേശിക ഭരണകൂടത്തിനും അധികാരികൾക്കും ഒരു കീറാമുട്ടിയായി അവശേഷിക്കുകയാണ്. ഇതിവിടെ നിന്നും നീക്കം ചെയ്യണമെങ്കിൽ വലിയ സാമ്പത്തികബാദ്ധ്യതയുള്ള കാര്യമാണ്. പ്രശ്നപരിഹാരത്തിന് സർക്കാർ തലത്തിൽ നിന്നുപോലും ഇടപെടലുകൾ ഉണ്ടായതാണ്. പക്ഷേ ഇതുവരെയായി യാതൊരു പരിഹാരവും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായി കാണുന്നില്ല. പ്രദേശത്തുകാരുടെ പരാതിയിൽ ജനകീയവേദി നിരവധി പ്രക്ഷോഭങ്ങളും ഇടപെടലുകളും നടത്തിയതാണ്.

ഭരണക്കാരിൽനിന്നും അധികാരികളിൽ നിന്നും നിരവധി ഉറപ്പുകളും ലഭിച്ചതാണ്. ഒന്നും നടപ്പായില്ല.ഇപ്പോൾ തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോൾ ജനാരോഷം തണുപ്പിക്കാനുള്ള അടവുനയമാണിതെന്നും ജനസംസാരമുണ്ട്. ഏതായാലും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയില്ലെങ്കിൽ ജനകീയവേദി പ്രക്ഷോഭത്തിനിറങ്ങുമെന്ന് നേതാക്കൾ അറിയിച്ചു.

സിദ്ദിഖ് കൈകമ്പ, അഷാഫ് മൂസക്കുഞ്ഞി,മഹമൂദ് കൈക്കമ്പ ,സൈനുദ്ദീൻ അട്ക്ക എന്നിവർ സംബന്ധിച്ചു.

No comments