JHL

JHL

മിഡിൽ ഈസ്റ്റ് റാലി; ആദ്യ റൗണ്ടിൽ സനീം സാനി-മൂസ ഷരീഫ് സഖ്യത്തിന് മിന്നും ജയം

 


ദോഹ(www.truenewsmalayalam.com) : സ്റ്റാർ ഡ്രൈവർ സനീം സാനിയും നിരവധി തവണ ദേശീയ കാർ റാലിയിൽ ജേതാവായ പ്രശസ്ത നാവിഗേറ്റർ മൂസ ഷെരീഫും അടങ്ങുന്ന ഇന്ത്യൻ ടീമിന് മിഡിൽ ഈസ്റ്റ് റാലി ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ടായ ഖത്തർ ഇന്റർനാഷണൽ റാലിയിൽ മിന്നും ജയം.

ദോഹയിൽ നടന്ന മിഡിൽ ഈസ്റ്റ് റാലി ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ട് (MERC4 ക്ലാസ്സ്‌ ) ഏറെ ദുഷ്കരമായ പാതയിലൂടെയുള്ള അതിസാഹസികമായ ദീർഘദൂര റാലിയായിരുന്നു.

ഫെബ്രുവരി 1 മുതൽ 3 വരെ നീണ്ടു നിന്ന റാലിക്ക് 13 ടൈംഡ് സ്‌പെഷ്യൽ സ്റ്റേജുകൾ ഉൾപ്പെടെ 622.49 കിലോമീറ്റർ ദൈർഘ്യം ഉണ്ടായിരുന്നു.

ഈ റാലിയിലാണ് എതിരാളികളെ ഏറെ പിന്നിലാക്കിക്കൊണ്ട് ഇന്ത്യൻ സഖ്യം വെന്നിക്കൊടി പാറിച്ചത്. MERC-4 വിഭാഗത്തിൽ മത്സരിച്ച ഇവർ ഫോർഡ് ഫിയസ്റ്റ റാലി 4 സ്പെക് കാർ ആണ് ഉപയോഗിച്ചത്.

ഷാർജയുടെ ടൂൾബോക്‌സ് ഓട്ടോ ടീമിന്റെ സഹകരണത്തോടെ മത്സരിക്കുന്ന ഈ ജോഡിക്ക് എംആർഎഫ് ടയേർസ്,വിബ്ജിയോർ റിയൽ എസ്റ്റേറ്റ് ദുബായ്, ക്ലിവെറ്റ് എയർ കണ്ടീഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയുണ്ട്.

രണ്ടാം റൗണ്ട് മത്സരം മെയ് 16 മുതൽ 18 വരെ ജോർദാനിൽ നടക്കും.

ലെബനൻ (സെപ്തംബർ 6 മുതൽ 8 വരെ), സൈപ്രസ് (ഒക്ടോബർ 4 മുതൽ 6 വരെ), ഒമാൻ (നവംബർ 28 മുതൽ 30 വരെ) എന്നിവിടങ്ങളിലാണ് ബാക്കി റൗണ്ട് മത്സരങ്ങൾ.

75 അന്താരാഷ്ട്ര മത്സരങ്ങൾ ഉൾപ്പെടെ 310 റാലികൾ പൂർത്തിയാക്കിയ കാസർഗോഡ് ജില്ലയിലെ മൊഗ്രാൽ പെർവാഡ് സ്വദേശിയായ ഷരീഫിന്റെ തുടർച്ചയായ 32-ാം റാലി സീസനാണ് ഇത്. ആദ്യ റൗണ്ടിലെ അനായാസ വിജയത്തോടെ മിഡിൽ ഈസ്റ്റ് റാലി ചാമ്പ്യൻഷിപ്പിൽ മുത്തമിടാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഈ ഇന്ത്യൻ ജോഡി.


No comments