JHL

JHL

എൻഡോസൾഫാൻ പുനരധിവാസഗ്രാമം ഉദ്ഘാടനം നാളെ


 കാസർകോട്(www.truenewsmalayalam.com) : സാമൂഹികനീതി വകുപ്പ് വിഭാവനം ചെയ്ത എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. സംസ്ഥാന സർക്കാരിന്റെ മാതൃകാപദ്ധതി സഹജീവനം സ്നേഹഗ്രാമത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി ആർ.ബിന്ദു വ്യാഴാഴ്ച രാവിലെ 10-ന് നിർവഹിക്കുന്നത്. 

സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. അധ്യക്ഷനാകും.

നാല് ഘട്ടങ്ങളിലായി നടത്തുന്ന പദ്ധതി മുളിയാറിലാണ് നടപ്പാക്കുന്നത്. ആദ്യഘട്ടം പൂർത്തീകരിച്ച്‌ പ്രവർത്തനസജ്ജമായി. കൺസൾട്ടിങ് ആൻഡ് ഹൈഡ്രോതെറാപ്പി ബ്ലോക്ക്, ക്ലിനിക്കൽ സൈക്കോളജി ബ്ലോക്ക് എന്നിവയാണ് ഒന്നാംഘട്ടത്തിൽ ലഭിക്കുന്ന സേവനങ്ങൾ. 

2022 മേയിൽ നിർമാണം തുടങ്ങിയ പുനരധിവാസഗ്രാമ പദ്ധതിക്ക്‌ 4.8 കോടിയുടെ ഭരണാനുമതിയും 4.45 കോടിയുടെ സാങ്കേതികാനുമതിയും ലഭ്യമാക്കിയിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല.

നാല് ഘടകങ്ങൾ ഉൾപ്പെട്ടതാണ് സർക്കാർ പ്രഖ്യാപിച്ച എൻഡോസൾഫാൻ പുനരധിവാസഗ്രാമത്തിൽ ഉൾപ്പെടുത്തിയിരുന്നത്. 

ഏകദേശം 58 കോടിയുടെ വികസന പദ്ധതിയാണ് പുനരധിവാസഗ്രാമം പൂർത്തിയാക്കുന്നതിനായി നീക്കിവെച്ചത്. 25 ഏക്കർ ഇതിനായി ലഭ്യമാക്കി. 

ഇതിലെ ആദ്യഘട്ടമാണ് ഹൈഡ്രോതെറാപ്പി, ക്ലിനിക്കൽ സൈക്കോളജി ബ്ലോക്ക് എന്നിവ ഉൾക്കൊള്ളിച്ച് പൂർത്തിയാക്കിയത്.

പതിനെട്ടുവയസ്സിന്‌ താഴെയുള്ളവർക്ക് പ്രത്യേക പരിചരണം നൽകാനുള്ള ഫോസ്റ്റർ കെയർ ഹോമാണ് ആദ്യത്തേത്. 18-20 വയസ്സിൽ താഴെയുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്ക് സ്വന്തം കുടുംബത്തിൽനിന്നുള്ള പരിചരണം അത്യാവശ്യമാണെന്ന ബോധ്യത്തിൽ ആ ചുറ്റുപാട് സൃഷ്ടിക്കാനാണ് ഈ ഘടകം.

 അഞ്ച് കിടപ്പുമുറികളുള്ള നാല്‌ വാർഡുകൾ, ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ പറ്റുന്ന വിധത്തിലുള്ള ശൗചാലയം, പൂന്തോട്ടം മുതലായവയാണ് ഫോസ്റ്റർകെയർ ഹോമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഭിന്നശേഷി വിഭാഗക്കാരായ 18-നു മുകളിൽ പ്രായമുള്ള 10-12 പേർക്ക് താമസിക്കാൻ കഴിയുന്ന അസിസ്റ്റീവ് ലിവിങ് ഫോർ അഡൾട്ട്‌സാണ് രണ്ടാം ഘടകം.

 ഇത്തരത്തിലുള്ള പത്തു യൂണിറ്റുകളുണ്ടാവും. യൂണിറ്റുകളിൽ അടുക്കള, റിക്രിയേഷൻ റൂം, ലൈബ്രറി, വൊക്കേഷണൽ ഫെസിലിറ്റി, പൂന്തോട്ടം, ഫിസിയോതെറാപ്പി സെന്റർ, ജോബ് കോച്ച് സെന്റർ എന്നിവയാണ് ഒരുക്കുക.

ഭിന്നശേഷിയുള്ളവർക്ക് പെട്ടെന്നുള്ള താമസസൗകര്യമാറ്റവും പുതിയ ആൾക്കാരുമായിട്ടുള്ള സമ്പർക്കവും മോശമായ അവസ്ഥയും ഒഴിവാക്കാനുള്ള ഹാഫ് വേ ഹോംസ് ഫോർ അസിസ്റ്റഡ് ലിവിങ് ഫോർ അഡൾട്ട്‌സാണ് മൂന്നാമത്തെ ഘടകം.

സ്വയം ചലിക്കാൻ സാധിക്കാത്തവർക്ക് പ്രത്യേക പരിചരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഹൈ ഡിപ്പൻഡൻസി കെയർ ഫോർ ടോട്ടലി ബെഡ് റിഡൺ എന്ന നാലാംഘടകം

കാസർകോട് ജില്ലയിലെ ഭിന്നശേഷി വിഭാഗക്കാരുടെ പ്രത്യേകതകളും ആവശ്യങ്ങളും കണക്കിലെടുത്താകും പുനരധിവാസഗ്രാമത്തിന്റെ നിർമാണ വിപുലീകരണം ഉൾപ്പെട്ട രണ്ടാംഘട്ടം.

ഭിന്നശേഷി നേരത്തേ കണ്ടെത്തി ആവശ്യമായ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുന്നതിന് സഹായകമായ ഏർളി ഇന്റർവെൻഷൻ സെന്ററുകൾ ഈ ഘട്ടത്തിൽ കൊണ്ടുവരും.


No comments