JHL

JHL

പിഞ്ഞോമനകളുടെ മുറവിളി അധികൃതർ കേട്ടില്ല; കലുങ്കിലൂടെ നടപ്പാത അനുവദിക്കാൻ കഴിയില്ലെന്ന് സേഫ്റ്റി വിഭാഗം, കമ്പികൾ മുറിച്ചുമാറ്റി

 


മൊഗ്രാൽ(www.truenewsmalayalam.com) :  മൊഗ്രാൽ ദേശീയപാതയിൽ ഷാഫി മസ്ജിദിനിടുത്തുള്ള കലുങ്ക് നിർമ്മാണം ഉയരം കൂട്ടി സ്കൂൾ,മദ്രസാ വിദ്യാർത്ഥികൾക്കും, പ്രാർത്ഥനയ്ക്കായി എത്തുന്ന വയോജനങ്ങൾക്കും നടന്നുപോകാൻ അവസരം ഒരുക്കണമെന്ന ആവശ്യം ഒടുവിൽ അധികൃതർ നിരാകരിച്ചു. സേഫ്റ്റി വിഭാഗം കടുത്ത നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് പ്രതീക്ഷ തരുകയും, പരിഗണനയിലിരിക്കുകയും ചെയ്ത നിർമ്മാണം ഇനി കൾവർട്ടായി തന്നെ നിർമ്മിക്കും.

ഉയരം കൂട്ടിയുള്ള ജോലിക്കിടയിലാണ് നിർമ്മാണത്തിന്റെ മേൽനോട്ടം വഹിക്കുന്ന സേഫ്റ്റി എൻജിനീയറിങ് വിഭാഗം  ഇടപെട്ട് കലുങ്ക് നിർമ്മാണത്തിന്റെ ഉയരം കുറക്കാനുള്ള നിർദ്ദേശം നൽകിയത്, ഇത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ശ്രദ്ധയിൽ പെട്ട നാട്ടുകാർ ജോലിസ്ഥലത്ത്  ബഹളം വെക്കുകയും  ജോലി നടപടികൾ തൽക്കാലം നിർത്തിവെക്കുകയും ചെയ്തിരുന്നു.

 കലുങ്കിന് ഉയരം കൂട്ടി കാൽനടയാത്രയ്ക്ക് അവസരം ഒരുക്കണമെന്നാവശ്യപെട്ട് കഴിഞ്ഞമാസം ജനപ്രതിനിധികളും, ഷാഫി ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളും കണ്ണൂരിലുള്ള ദേശീയപാത ഇൻപ്ലിമെന്റേഷൻ പ്രോജക്ട് ഡയറക്ടറേയും,കുമ്പള യുഎൽസിസി ക്യാമ്പ് മാനേജരേയും കണ്ട് ആവശ്യം ഉന്നയിച്ചിരുന്നു. നിവേദനവും നൽകിയിരുന്നു.ഈ വിഷയവുമായി ബന്ധപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി,എകെഎം അഷ്റഫ് എംഎൽഎ,പഞ്ചായത്ത് ജനപ്രതിനിധികൾ  എന്നിവരും ബന്ധപ്പെട്ടവരെ കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജോലി നടന്നുകൊണ്ടിരിക്കെ യാണ് മുകളിൽ നിന്നുള്ള ഇടപെടൽ  ഉണ്ടായിരിക്കുന്നത്. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചതും, ജോലി സ്ഥലത്ത് ബഹളം വെച്ചതും.

 കലുങ്കിന് ഉയരം കൂട്ടാനുള്ള ഫലകയും, ഇരുമ്പും അടിച്ചു കോൺക്രീറ്റ് ചെയ്യാൻ തുടങ്ങുമ്പോഴാണ് ഉയരം കൂട്ടുന്നതിന് സേഫ്റ്റി എഞ്ചിനീയറിംഗ് വിഭാഗം  തടസവാദമുന്നയിച്ച് രംഗത്ത് വന്നത്. നേരത്തെ ഒരു ഭാഗത്ത് നിർമ്മാണം പൂർത്തിയാക്കിയ കലുങ്കിന്  മറുഭാഗത്ത് സമാനമായി  കലുങ്ക് നിർമ്മിച്ചാൽ സർവീസ് റോഡ് ഉയരത്തിൽ ആയതിനാൽ കാൽനട യാത്രയ്ക്ക് തടസ്സമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധികളും ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികളും ബന്ധപ്പെട്ടവരെ നേരിട്ടു കണ്ട് പരാതി ബോധിപ്പിച്ചിരുന്നത്. വിഷയത്തിൽ എകെ എം അഷ്റഫ് എംഎൽഎ ജില്ലാ കലക്ടർ,ദേശീയപാത അധികൃതരുമായി നടത്തിയ ചർച്ചയിൽ സേഫ്റ്റി വിഭാഗം ഉറച്ചു നിന്നതോടെയാണ് നാട്ടുകാരുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിരിക്കുന്നത്.


No comments