JHL

JHL

സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രക്ക് കാസറഗോട്ട് ഉജ്ജ്വല തുടക്കം

കാസർകോട് : ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രവർത്തകരെ സജ്ജരാക്കി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര. ബൂത്തുതലം മുതൽ നടത്തിയ പ്രചാരണത്തിന്റെ ശക്തി തെളിയിക്കുന്നതായി ഉദ്ഘാടനംനടന്ന വിദ്യാനഗറിലെ കാസർകോട് നഗരസഭാ സ്റ്റേഡിയത്തിലെ വേദിയും പരിസരവും.

മൂന്നരക്ക് ഉദ്ഘാടനപരിപാടി തുടങ്ങുമെന്നറിയിച്ചെങ്കിലും നേരത്തേ പ്രവർത്തകർ എത്തി. പ്രത്യേകം വാഹനങ്ങളിലാണ് പ്രവർത്തകരെത്തിയത്. വേദിയിലേക്ക് നാലരയോടെ ഉദ്ഘാടകനായ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, പ്രക്ഷോഭയാത്ര നായകരായ കെ.സുധാകരൻ, വി.ഡി.സതീശൻ എന്നിവർ എത്തിയപ്പോൾ ആവേശം അലതല്ലി. മുദ്രാവാക്യം വിളികളോടെ കെ.എസ്.യു., യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് നേതാക്കളെ ആനയിച്ചത്. സദസ്സിലേക്കുള്ള വഴിയിൽ തിക്കും തിരക്കുമായി.

മുൻവശത്താരും നിൽക്കരുതെന്നും മുദ്രാവാക്യംവിളി നിർത്തണമെന്നും യാത്രയുടെ കോ ഓർഡിനേറ്റർ ടി. സിദ്ദീഖ് എം.എൽ.എ.യും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യും മൈക്കിലൂടെ വിളിച്ചുപറഞ്ഞെങ്കിലും ആവേശം നിലച്ചില്ല. ഒടുവിൽ സേവാദൾ പ്രവർത്തകർ എല്ലാവരെയും മുൻവശത്തിരുത്തിയശേഷം പരിപാടി തുടങ്ങി.

തിരഞ്ഞെടുപ്പിനൊരുങ്ങണമെന്ന പ്രസംഗത്തിലൂടെയുള്ള നേതാക്കളുടെ ആഹ്വാനത്തെ കൈയടിയോടെ ഏറ്റെടുക്കുകയായിരുന്നു പ്രവർത്തകർ.

ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ കാസർകോട് നഗരസഭാ മിനി കോൺഫറൻസ് ഹാളിൽ സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരുമായി നേതാക്കൾ സംവദിക്കും. ശേഷം മട്ടന്നൂരിലേക്ക് പുറപ്പെടും. മൂന്നിന് മട്ടന്നൂരിലും വൈകിട്ട് അഞ്ചിന് കണ്ണൂരിലും സമരാഗ്നി നടക്കും. 29-ന് ജാഥ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനത്തോടെ സമാപിക്കും.

എം.പി.മാരായ ബെന്നി ബഹനാൻ, എം.കെ. രാഘവൻ, എം.എൽ.എ. മാരായ കെ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ചാണ്ടി ഉമ്മൻ, ഉമ തോമസ്, ഷാഫി പറമ്പിൽ, എൽദോസ് കുന്നപ്പിള്ളി, സജീവ് ജോസഫ്, അൻവർ സാദത്ത്, എം. വിൻസെന്റ്, മാത്യു കുഴൽനാടൻ, എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ്, കോൺഗ്രസ് നേതാക്കളായ വി.എസ്. ശിവകുമാർ, കെ.സി. ജോസഫ്, ബിന്ദു കൃഷ്ണ, രാഹുൽ മാങ്കൂട്ടത്തിൽ, വി.ടി. ബൽറാം, ഷാനിമോൾ ഉസ്മാൻ, ജോസഫ് വാഴക്കൻ, എൻ. സുബ്രഹ്മണ്യൻ, ശരത്ചന്ദ്രപ്രസാദ്, പി. സരിൻ, ആര്യാടൻ ഷൗക്കത്ത്, സോണി സെബാസ്റ്റ്യൻ, വി.പി. സജീന്ദ്രൻ, എം.എം. നസീർ, കെ. ജയന്ത്, ജോസി സെബാസ്റ്റ്യൻ, ജ്യോതികുമാർ ചാമക്കാല, ദീപ്തി മേരി വർഗീസ്, പി.കെ. ജയലക്ഷ്മി, അലോഷ്യസ് സേവ്യർ, എ. ഗോവിന്ദൻ നായർ, സൈമൺ അലക്‌സ്, ടി.യു. രാധാകൃഷ്ണൻ, കർണാടകയിൽനിന്നുള്ള കോൺഗ്രസ് നേതാവ് രമാനാഥ റൈ, മുസ്‌ലിം ലീഗ് നേതാക്കളായ സി.ടി. അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, എ.അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.
No comments