JHL

JHL

ഗുരുനാഥന്മാരെ ആദരിച്ചും, അനുമോദിച്ചുമുള്ള മൊഗ്രാലിലെ പൂർവ്വ വിദ്യാർത്ഥി സംഗമം വേറിട്ടതായി

 


മൊഗ്രാൽ(www.truenewsmalayalam.com) :  തങ്ങളെ പഠിപ്പിച്ച അധ്യാപകർക്ക് മതിയാവോളം വിരുന്നൊരുക്കി മൊഗ്രാലിൽ സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമം വേറിട്ട കാഴ്ചയായി. മൊഗ്രാൽ ഗവ: വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 2003-04 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളാണ് "പഴയ ഓർമ്മകളും പുതിയ വിശേഷങ്ങളുമായി'' വീണ്ടും വിദ്യാലയ മുറ്റത്ത് ഒത്തുചേർന്നത്.

 സംഗമം തങ്ങളെ പഠിപ്പിച്ച അധ്യാപകർക്കുള്ള ആദരവും, സ്നേഹപ്രകടനവു മായി മാറി. അധ്യാപകരെ ആദരിച്ചും, മെമന്റോ നൽകിയും, ഉപഹാരം സമർപ്പിച്ചും മതിയാവോളം വിരുന്നൊരുക്കിയായിരുന്നു പൂർവ്വ വിദ്യാർത്ഥി സംഗമം. സംഗമം മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് ഉദ്ഘാടനം ചെയ്തു. നവാസ് മൊഗ്രാൽ അധ്യക്ഷത വഹിച്ചു.എം മാഹിൻ മാസ്റ്റർ വിഷയാവതരണം നടത്തി. പിടിഎ പ്രസിഡണ്ട് സിദ്ധീഖ് റഹ്മാൻ,എംഎ മൂസ എന്നിവർ ആശംസകൾ നേർന്നു.അനൂപ് സ്വാഗതം പറഞ്ഞു.

 മൊഗ്രാലിന്റെ ചരിത്രം കോർത്തിണക്കി പൂർവ്വ വിദ്യാർത്ഥികൾ തയ്യാറാക്കിയ "ഇതൾ'' മാഗസിൻ ചടങ്ങിൽ വച്ച് എകെ എം അഷറഫ് എംഎൽഎ,മുൻ പിടിഎ പ്രസിഡണ്ട് എം ഖാലിദ് ഹാജിക്ക് നൽകി പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ, എം മാഹിൻ മാസ്റ്റർ,ആർ ശിവാനന്ദൻ, മുകുന്ദൻ കെവി, വിഷ്ണു നമ്പൂതിരി, മുൻ അധ്യാപകനും, സാഹിത്യവേദി ജില്ലാ പ്രസിഡണ്ടുമായ പദ്മനാഭൻ ബ്ലാത്തൂർ, എ വിശ്വനാഥ ഭട്ട്, സുഗത യു, റിനി തോമസ്, പ്രമീള കെപി, നഫീസ ടീച്ചർ,ടികെ അൻവർ, മുൻ പിടിഎ പ്രസിഡണ്ട് എം ഖാലിദ് ഹാജി എന്നിവരെ പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് ഷാൾ അണിയിച്ചും,ഉപഹാരം നൽകിയും ആദരിച്ചു.

 തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ കലാ- കായിക മത്സരങ്ങൾ അരങ്ങേറി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങുകൾക്ക് പൂർവ്വ വിദ്യാർത്ഥികളായ മുനീർ മുതകമൽ, നവാസ് മൊഗ്രാൽ, നിസാർ അലി ബമ്പ്രാണ, ഇജാസ് അഹമ്മദ്, റിഷാദ് മൊഗ്രാൽ, ഫാറൂഖ് മൊഗ്രാൽ, റിയാസ് പെർവാഡ് എന്നിവർ നേതൃത്വം നൽകി. ഇജാസ് നന്ദി പറഞ്ഞു.

No comments