കുമ്പള റെയിൽവേ സ്റ്റേഷൻ വിശ്രമ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി
കുമ്പള(www.truenewsmalayalam.com) : അവഗണന നേരിടുന്ന കുമ്പള റെയിൽവേ സ്റ്റേഷനിൽ നിർമ്മിച്ച യാത്രക്കാർക്കായുള്ള വിശ്രമ കേന്ദ്രം ഉദ്ഘാടനത്തിന് ഒരുങ്ങി.റെയിൽവേ സ്റ്റേഷനിൽ വിശാലമായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് വിശ്രമ കേന്ദ്രത്തിന്റെ ജോലി കൂടി പൂർത്തീകരിച്ചിരിക്കുന്നത്.
കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, യാത്രക്കാരുടെ വർദ്ധനവും വരുമാനവും അനുസരിച്ച് സ്റ്റേഷനിൽ അടിസ്ഥാന വികസനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സന്നദ്ധ സംഘടനകൾ, വ്യാപാരികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇതുമായി ബന്ധപ്പെട്ട് റെയിൽവേ അധികാരികൾക്കും ജനപ്രതിനിധികൾക്കും നിരന്തരമായി നിവേദനം നൽകി വരുന്നുണ്ട്.
മൊഗ്രാൽ ദേശീയവേദി ഇതുമായി ബന്ധപ്പെട്ട് കേരളപ്പിറവി ദിനത്തിൽ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു.
കണിപ്പുര ശ്രീ ഗോപാലകൃഷ്ണ ദേവാലയത്തിന്റെ ബ്രഹ്മകലശോത്സവ വും, വാർഷിക ഉത്സവത്തിൽ സംബന്ധിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഫെബ്രുവരി 21ന് കുമ്പളയിൽ എത്തുന്നുണ്ട്. പരിപാടിയിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപിയും,എകെഎം അഷ്റഫ് എംഎൽഎയും പരിപാടിയിൽ സംബന്ധിക്കുന്നുമുണ്ട്. അന്നേദിവസം വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്യിപ്പിക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ അധികൃതരെന്നാണ് സൂചന. എന്നാൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് അധികൃതർ പറയുന്നുമുണ്ട്.
അതേസമയം കേന്ദ്രമന്ത്രി കുമ്പളയിൽ എത്തുകയാണെങ്കിൽ ഏക്കറുകളോളം സ്ഥലസൗകര്യമുള്ള കുമ്പള റെയിൽവേ സ്റ്റേഷൻ മന്ത്രിക്ക് നേരിട്ട് മനസ്സിലാക്കാനും, മന്ത്രിയെ കാര്യങ്ങൾ പറഞ്ഞ് ധരിപ്പിക്കാനും കഴിയുമെന്ന് കുമ്പള പാസഞ്ചേഴ്സ് അസോസിയേഷനും, വ്യാപാരി നേതാക്കളും, മൊഗ്രാൽ ദേശീയവേദി പ്രവർത്തകരും കരുതുന്നുമുണ്ട്. കുമ്പള റെയിൽവേ സ്റ്റേഷനെ "സാറ്റലൈറ്റ്'' സ്റ്റേഷനാ ക്കി മാറ്റണമെന്നാണ് ഇവരുടെ ആവശ്യവും.
Post a Comment