JHL

JHL

വിവാദ നായിക സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ

തിരുവനന്തപുരം(True News 11 July 2020): സംസ്ഥാനത്ത് വൻ വിവാദത്തിന് കാരണമായ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ. ബെംഗലൂരുവിൽ വച്ചാണ് ഇവരെ എൻഐഎ സംഘം കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് ചെയ്ത വിവരം എൻഐഎ സംഘം കസ്റ്റംസിനെ അറിയിച്ചു. നാളെ വൈകുന്നേരത്തോടെയോ അല്ലെങ്കിൽ മറ്റന്നാൾ രാവിലെയോ ഇരുവരെയും കോടതിയിൽ ഹാജരാക്കും.
ഇരുവരും ബെംഗലൂരുവിലേക്ക് കടന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഇരുവരുടെയും അറസ്റ്റോടെ സ്വർണ്ണക്കടത്ത് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്. കേസിൽ മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാർ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസൽ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായർ കേസിലെ നാലാം പ്രതിയാണ്.
സ്വർണക്കടത്തുമായി ബന്ധമില്ലെന്നും മാധ്യമ വാ‍ർത്തകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രതിചേർക്കാൻ ഒരുങ്ങുന്നതെന്നുമാണ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്ന പറഞ്ഞത്. അറ്റാഷേ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വർണം അടങ്ങിയ നയതന്ത്ര ബാഗ് ലഭിക്കാൻ വൈകുന്നതെന്തെന്ന് അന്വേഷിച്ചതെന്നാണ് ഇവരുടെ വാദം. 2019 ൽ കോൺസിലേറ്റിലെ ജോലി അവസാനിപ്പിച്ച സ്വപ്ന, അതിന് ശേഷവും സൗജന്യ സേവനം തുടർന്നുവെന്ന്.
കസ്റ്റംസിന്റെ ആവശ്യപ്രകാരം സ്വപ്നയെയും സന്ദീപിനെയും പിടികൂടാൻ പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘത്തിന് രൂപം നല്‍കി. പ്രത്യേകസംഘം അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കകമാണ് പ്രതികളെ ബെംഗലൂരുവിൽ നിന്ന് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.

No comments