ജില്ലയിൽ 4 ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകൾ; 3 എണ്ണത്തിന് അനുമതി ലഭിച്ചു.
പുതിയവ സ്മാർട്ട് സ്റ്റേഷനുകൾ
കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. മഴയ്ക്കൊപ്പം ചൂട്, കാറ്റിന്റെ ഗതി, അന്തരീക്ഷത്തിലെ ആർദ്രത തുടങ്ങിയ കാലാവസ്ഥാ വിവരങ്ങളും തത്സമയം ലഭ്യമാകും. അതിതീവ്രമഴയും ഉരുൾപൊട്ടലും സാധ്യതയുള്ള മലയോര മേഖലകളിലാണു പുതിയ സ്റ്റേഷനുകളിൽ മിക്കവയും സ്ഥാപിക്കുക. മുളിയാർ, മടിക്കൈ, ചാനടുക്കം എന്നിവയ്ക്കു പുറമേ പനത്തടിയാണു നിർദേശിച്ചിരിക്കുന്നത്.
മഴ കൂടുതൽ ലഭിക്കുന്ന മേഖലകൾ കൂടുതലും വെള്ളരിക്കുണ്ട് താലൂക്കിലാണ്. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കുന്നത്. ഒരു കാലാവസ്ഥാ സ്റ്റേഷൻ സ്ഥാപിക്കാൻ 5 ലക്ഷത്തോളം രൂപ ചെലവു വരും. 10 മീറ്റർ നീളവും വീതിയുമുള്ള സ്ഥലത്താണ് ഇതിനു ക്രമീകരണങ്ങളൊരുക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കാണു സ്ഥലം കണ്ടെത്തേണ്ട ചുമതല.
രണ്ടാം ഘട്ടം 6 മാസത്തിനകം
2018ലെ പ്രളയത്തിനു ശേഷം സംസ്ഥാനത്തെ കാലാവസ്ഥാ സ്റ്റേഷനുകളുടെ എണ്ണത്തിൽ വർധന വേണമെന്ന് നിർദേശമുണ്ടായിരുന്നു. ആവശ്യമായതിന്റെ 30 % കേന്ദ്രങ്ങൾ മാത്രമാണ് സംസ്ഥാനത്തുണ്ടായിരുന്നത്. തുടർന്ന് കാലാവസ്ഥാ വകുപ്പ് ആദ്യ ഘട്ടത്തിൽ 15 എണ്ണം സ്ഥാപിച്ചു. ജില്ലയിലെ വെള്ളരിക്കുണ്ടിലെ സ്റ്റേഷൻ സ്ഥാപിച്ചത് ഈ ഘട്ടത്തിലാണ്.
രണ്ടാം ഘട്ടത്തിലാണ് 62 എണ്ണം സ്ഥാപിക്കാൻ അനുമതി. ഇത് 6 മാസത്തിനകം പൂർത്തിയാകുമെന്നാണു സൂചന. വടക്കൻ മേഖലയിലേക്ക് ഒരു എഡബ്ല്യുഎസ് എന്ന രീതിയിൽ ബാഡൂരിൽ കേന്ദ്രം സ്ഥാപിക്കണമെന്ന നിർദേശവും ജില്ലയിൽ നിന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിനു നൽകുമെന്നാണു സൂചന. മൊബൈൽ നെറ്റ്‌വർക്ക് ഉൾപ്പെടെ പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനം.
∙ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ(ഐഎംഡി) കീഴിലെ കേന്ദ്രങ്ങൾ : വെള്ളരിക്കുണ്ട്, പിലിക്കോട്, കുഡ്‌ലു, ഹൊസ്ദുർഗ്
∙ പുതിയ കേന്ദ്രങ്ങൾ വരുന്നത്: മുളിയാർ, മടിക്കൈ, ചാനടുക്കം, പനത്തടി(പാണത്തൂർ)
∙ ഇറിഗേഷൻ വകുപ്പിന്റെ മഴ മാപിനികൾ : കല്യോട്ട്, പടിയത്തടുക്ക, വിദ്യാനഗർ, ചീമേനി, മഞ്ചേശ്വരം, മധൂർ, എരിക്കുളം, പൈക്ക, ഉപ്പള, വെള്ളച്ചാൽ
Post a Comment