JHL

JHL

ബേക്കൽ ബീച്ച് പാർക്ക് നവീകരണം; 5 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചു

ഉദുമ(www.truenewsmalayalam.com) : ബേക്കൽ ബീച്ച് പാർക്കിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികളാകും ഇനി നടപ്പാവുക. ബേക്കൽ ബീച്ച് പാർക്ക് നവീകരണത്തിന് 5 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചെന്നു സി.എച്ച്.കുഞ്ഞമ്പു എംഎൽഎ. പദ്ധതിക്ക് അനുവദിച്ച 4.96 കോടി രൂപയിൽ 50% ബേക്കൽ റിസോർട്സ് ഡവലപ്മെന്റ് കോർപറേഷൻ(ബിആർഡിസി) തനതു ഫണ്ടിൽ നിന്നു വിനിയോഗിക്കണമെന്ന നിബന്ധനയോടെ ബാക്കി തുക 2.48 കോടി രൂപ സർക്കാർ അനുവദിച്ച് ഉത്തരവിറക്കി. ബേക്കൽ ബീച്ച് പാർക്ക് ആധുനിക രീതിയിൽ നവീകരിച്ച് കൂടുതൽ ആകർഷകമാക്കുന്നതിനു ബിആർഡിസി സമർപ്പിച്ച പ്രൊജക്ടിനാണു ടൂറിസം വകുപ്പിന്റെ അനുമതി ലഭിച്ചതെന്നു സി.എച്ച്.കുഞ്ഞമ്പു എംഎൽഎ പറഞ്ഞു.
നടത്തിപ്പ് കാലാവധി ദീർഘിപ്പിച്ചാൽ സഹകരണ ബാങ്ക് 2 കോടി നൽകും

11 ഏക്കർ വിസ്തൃതിയിലുള്ള പാർക്ക് 2000ലാണ് അവസാനമായി നവീകരിച്ചത്. നിലവിൽ ബിആർഡിസിയിൽ നിന്നു ടെൻഡർ നടപടിയിലൂടെ പള്ളിക്കര സർവീസ് സഹകരണ ബാങ്കാണ് ഈ പാർക്ക് ഏറ്റെടുത്തു നടത്തുന്നത്. മാസത്തിൽ ബാങ്ക് 7.50 ലക്ഷം രൂപ ബിആർഡിസിക്കു നൽകണം. പാർക്ക് കൂടുതൽ നവീകരിച്ചു ടൂറിസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനു ബിആർഡിസി 5 കോടിയോളം രൂപയുടെ പദ്ധതിയാണു സമർപ്പിച്ചത്.

ഇതിൽ 2.50 കോടി രൂപ ടൂറിസം പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിക്കുമ്പോൾ 2.50 കോടി രൂപ ബിആർഡിസി സ്വന്തം ഫണ്ട് ചെലവഴിക്കും. നിലവിൽ പാർക്ക് ഏറ്റെടുത്തു നടത്തുന്ന പള്ളിക്കര സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി നിലവിലുള്ള നടത്തിപ്പ് 2 വർഷത്തേക്കു കൂടി ദീർഘിപ്പിച്ചു നൽകിയാൽ 2 കോടി രൂപ പാർക്ക് നവീകരണ പ്രൊജക്ടിൽ ചെലവഴിക്കാൻ തയാറാണെന്നു സി.എച്ച്.കുഞ്ഞമ്പു എംഎൽഎ മുഖേന ടൂറിസം സെക്രട്ടറിക്കു ഹർജി സമർപ്പിച്ചിരുന്നു.

അതു പരിഗണിക്കുന്നതിന് അനുകൂലമായാണു വകുപ്പ് പ്രതികരിച്ചിട്ടുള്ളത്. നവംബർ 30നു നടന്ന സംസ്ഥാന ടൂറിസം വർക്കിങ് ഗ്രൂപ്പ് ഈ പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി ഉന്നതതല യോഗം വിളിക്കുമെന്നു സി.എച്ച്.കുഞ്ഞമ്പു എംഎൽഎ പറഞ്ഞു. 6 മാസമായി ബിആർഡിസി എംഡി തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. അതിനാൽ  ഇക്കാര്യത്തിലും ഉടനെ തീരുമാനമുണ്ടാകും. ഈ സാമ്പത്തിക വർഷം തന്നെ പദ്ധതി തുടങ്ങാമെന്ന രീതിയിലാണു പദ്ധതികൾ. 

ബീച്ചിൽ വരുന്ന മാറ്റങ്ങൾ

മനോഹരമായ പ്രവേശന കവാടം, പുൽത്തകിടികൾക്കിടയിലൂടെയുള്ള നടപ്പാതകൾ, പൂന്തോട്ടം, ശിൽപത്തോടെയുള്ള റൗണ്ട് എബൗട്ട്, ബോട്ടിന്റെ മാതൃകയിലുള്ള ശിൽപങ്ങൾ, ലൈറ്റുകൾ, പുതിയ കളിക്കോപ്പുകൾ, സ്കേറ്റിങ് ഏരിയ, ആംഫി തിയറ്റർ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ പുതിയ പ്രൊജക്ടിന്റെ ഭാഗമായി ചെയ്യും. പള്ളിക്കര സർവീസ് സഹകരണ ബാങ്കിനെ പ്രൊജക്ട് നവീകരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തുന്നതോടെ നിലവിലുള്ള പ്രൊജക്ടിൽ കൂടുതൽ ഐറ്റങ്ങൾ ഉൾപ്പെടുത്താൻ സാധിക്കും.





No comments