JHL

JHL

സുല്‍ത്താന്‍ ജ്വല്ലറി വജ്രാഭരണത്തട്ടിപ്പ്; മാനേജരുടെയും സഹോദരന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

കാസര്‍കോട്(www.truenewsmalayalam.com) : സുല്‍ത്താന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ കാസര്‍കോട് ശാഖയില്‍ നിന്ന് 2.88 കോടി രൂപയുടെ വജ്രാഭരണങ്ങളുമായി മുങ്ങിയ മാനേജരുടെയും സഹോദരന്റെയും ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു.
സുല്‍ത്താന്‍ ജ്വല്ലറി കാസര്‍കോട് ശാഖയിലെ ഡയമണ്ട്‌സ് വിഭാഗം മാനേജരായിരുന്ന മംഗളൂരു ബണ്ട്വാള്‍ സ്വദേശി മുഹമ്മദ് ഫാറൂഖിന്റെയും ഇയാളുടെ സഹോദരന്റെയും ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് സുല്‍ത്താന്‍ ജ്വല്ലറി എംഡി റൗഫിന്റെ പരാതിയില്‍ ഫാറൂഖിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. ഇതിനിടെ കേസിന്റെ അന്വേഷണ ചുമതല കാസര്‍കോട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായര്‍ ഏറ്റെടുത്തു.

 ഒളിവില്‍ കഴിയുന്ന ഫാറൂഖിനെ കണ്ടെത്താന്‍ ഇതരസംസ്ഥാനങ്ങളിലടക്കം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ചാണ് ഇയാള്‍ മുങ്ങിയതെന്നാണ് വിവരം. കോവിഡ് കാരണം ജ്വല്ലറിയില്‍ ഒന്നര വര്‍ഷത്തിലധികമായി സ്റ്റോക്കെടുപ്പ് നടത്തിയിരുന്നില്ലെന്നും ഇത് മുതലാക്കി അതിസമര്‍ഥമായാണ് ഇയാള്‍ തട്ടിപ്പ് നടത്തി മുങ്ങിയതെന്നുമാണ് ജ്വല്ലറി അധികൃതര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയത്.

 കഴിഞ്ഞ ശനിയാഴ്ച്ച സ്റ്റോക്കെടുക്കാന്‍ നിശ്ചയിച്ചപ്പോള്‍ അതിന്റെ ഒരു മണിക്കൂര്‍ മുമ്പ് ഒരു കാരണം പറഞ്ഞ് ഫാറൂഖ് പുറത്തുപോയതായും പിറ്റേദിവസം വരാമെന്ന് അറിയിച്ചെങ്കിലും വൈകുന്നേരമായിട്ടും ഇയാള്‍ വന്നില്ലെന്നും ജ്വല്ലറിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. തുടര്‍ന്ന് വജ്രാഭരണ വിഭാഗത്തില്‍ ഫാറൂഖിനൊപ്പം ചുമതലയിലുണ്ടായിരുന്ന മറ്റൊരാളെ വെച്ച് സ്റ്റോക്കെടുക്കുകയും ഇതിലാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്നും ജ്വല്ലറി അധികൃതര്‍ പറഞ്ഞു. അതിനിടെ മകനെ കാണാതായതുമായി ബന്ധപ്പെട്ട് ഇയാളുടെ മാതാവ് മംഗളൂരു പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മുഹമ്മദ് ഫാറൂഖ് ജ്വല്ലറി അധികൃതര്‍ക്ക് നല്‍കിയിരുന്ന സ്റ്റോക്ക് കണക്കില്‍ നഷ്ടപ്പെട്ട ആഭരണങ്ങളെല്ലാം ഉള്ളതായാണ് കാണിച്ചിരുന്നതെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. ഊര്‍ജിതമായ അന്വേഷണത്തിലൂടെ ഫാറൂഖിനെ കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഫാറൂഖ് കാസര്‍കോട്ടെ ഒരു ബാങ്കില്‍ 15 ലക്ഷത്തിന് ആഭരണങ്ങള്‍ പണയപ്പെടുത്തിയതായി കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.





No comments