JHL

JHL

പ്ലസ്​ വൺ പ്രവേശനം ഇന്ന്​ മുതൽ; ആദ്യ അലോട്ട്​മെൻറിൽ 2,38,150 പേർക്ക്​ അവസരം



തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. ആകെ 4,71,849 അപേക്ഷകരിൽ 2,38,150 പേർക്ക് അലോട്ട്മെന്‍റ് ലഭിച്ചു.

മെറിറ്റ്​ സീറ്റുകളിൽ അവശേഷിക്കുന്നത്​ 59,616 എണ്ണമാണ്​. ഹൈകോടതി ഉത്തരവിനെ തുടർന്ന് ട്രയൽ അലോട്ട്​മെൻറിൽ ഉൾപ്പെടുത്തിയ​ മുന്നാക്ക സമുദായ മാനേജ്​മെൻറിനു​ കീഴിലുള്ള സ്​കൂളുകളിലെ 10​ ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റ്​ ഒഴിവാക്കിയാണ്​ ആദ്യ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചത്​. ഇതോടെ, ഏകജാലക പ്രവേശനത്തിന്​ ലഭ്യമായ മെറിറ്റ്​ സീറ്റുകളുടെ എണ്ണം 2,97,766 ആയി കുറഞ്ഞു.അലോട്ട്മെന്‍റ് ലഭിച്ചവർക്ക് വെള്ളിയാഴ്ച രാവിലെ 11 മുതൽ 10ന്​ വൈകീട്ട് അഞ്ചുവരെ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്‍റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനുകളിൽ അലോട്ട്മെന്‍റ് ലഭിച്ചവർക്ക് താൽക്കാലിക പ്രവേശനം നേടാം. www.admission.dge.kerala.gov.in എന്ന പ്രവേശന ഗേറ്റ്​വേയിൽ 'Click for Higher Secondary Admission' എന്ന ലിങ്കിലൂടെ പ്രവേശന പോർട്ടലിൽ പ്രവേശിച്ച്​ Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്​ത്​ First Allot Results എന്ന ലിങ്കിലൂടെ അലോട്ട്​മെൻറ്​ ഫലം പരിശോധിക്കാം. ലിങ്കിൽനിന്ന്​ ലഭിക്കുന്ന അലോട്ട്​മെൻറ്​ ലെറ്ററുമായി രക്ഷാകർത്താവിനൊപ്പം ആവശ്യമായ രേഖകളുടെ അസ്സൽ സഹിതം പ്രവേശനത്തിന്​ ഹാജരാകണം. അലോട്ട്​മെൻറ്​ ലെറ്റർ അലോട്ട്​മെൻറ്​ ലഭിച്ച സ്​കൂളിൽനിന്ന്​ പ്രിൻറ്​ എടുത്ത്​ നൽകും. സ്​പോർട്​സ്​ ക്വോട്ട അലോട്ട്​മെൻറും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

വി.എച്ച്.എസ്.ഇ പ്രവേശനത്തിനുള്ള അലോട്ട്മെന്‍റും പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവർക്ക് വെള്ളിയാഴ്ച രാവിലെ 10 മുതൽ പത്തിന്​ വൈകീട്ട് നാലുവരെ സ്കൂളുകളിൽ പ്രവേശനം നേടാം.

No comments