JHL

JHL

ലഹരിക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കണം : മന്ത്രി അഹമ്മദ് ദേവർകോവിൽ


കാസർകോട് : ലഹരിവ്യാപനത്തെ പ്രതിരോധിക്കാൻ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഒരുമാസം നീണ്ടുനിന്ന ലഹരിമുക്ത കേരളം ജില്ലാതല പരിപാടിയുടെ സമാപനം നായൻമാർമൂല തൻബീഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലഹരിക്കെതിരേ സർക്കാർ വിപുലവും സമഗ്രവുമായ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിവരികയാണ്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന-ജില്ലാ-വാർഡ് തല സമിതികൾ രൂപവത്കരിച്ചിട്ടുണ്ട്. കേരളം നേടിയെടുത്തിട്ടുള്ള വികസനത്തിനും പുരോഗതിക്കും സാംസ്കാരിക മൂല്യങ്ങൾക്കും ലഹരി ഉപയോഗം കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ലഹരിക്ക് അടിമപ്പെടുന്ന യുവതലമുറയ്ക്ക് തിരുത്തെഴുത്തിന്റെ വഴി കാണിക്കാൻ സമൂഹം ഒറ്റക്കെട്ടായി കർമരംഗത്തിറങ്ങണമെന്നും ലഹരിക്കെതിരായ പ്രവർത്തനങ്ങളും ബോധവത്കരണവും ഇനിയങ്ങോട്ടും സജീവമാക്കി നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. അധ്യക്ഷനായി. കളക്ടർ സ്വാഗത് ആർ. ഭണ്ഡാരി, ബേബി ബാലകൃഷ്ണൻ, എ.കെ. രമേന്ദ്രൻ, പി.കെ. രാജു, കെ.വി. ഹരിദാസ്, സുരേന്ദ്രൻ സ്വരലയ, എൻ. നന്ദികേശൻ, ടി.പി. മുഹമ്മദലി, പി. നാരായണൻ എന്നിവർ സംസാരിച്ചു.

No comments