JHL

JHL

ഉദ്ഘാടനം കഴിഞ്ഞ് മൂന്നു മാസം; കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിലെ വനിതാ വിശ്രമ കേന്ദ്രം തുറന്നില്ല.

കാസർഗോഡ്(www.truenewsmalayalam.com) : വൈദ്യുതിയും വെളിച്ചവും കിട്ടാതെ തിരക്കിട്ടു ഉദ്ഘാടനം നടത്തിയ കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിലെ വനിതാ വിശ്രമ കേന്ദ്രം 3 മാസത്തിലേറെ ആയിട്ടും തുറന്നില്ല. ആർക്കും ഉപകാരമില്ലാതെ കിടക്കുകയാണ് കെട്ടിടം. നഗരത്തിലെത്തുന്ന വനിതകൾക്ക് വിശ്രമിക്കാനൊരിടം എന്ന ഉദ്ദേശത്തോടെയാണ് കാസർകോട് നഗരസഭാ അധികൃതർ ഇതു നിർമിച്ചത്.  വെള്ളമോ വെളിച്ചമോ ഇല്ലാതെ പുറംമോടി മാത്രമായുള്ള ഈ കെട്ടിടം വനിത യാത്രക്കാർക്കായി എപ്പോൾ തുറക്കുമെന്നാണ് എല്ലാവരും ചോദിക്കുന്നത്.

യാത്രക്കാർക്ക് വിശ്രമത്തിന് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ 'ടേക്ക് എ ബ്രേക്ക്' പദ്ധതി പ്രകാരമാണ് ഈ കെട്ടിടം നിർമിച്ചു തുടങ്ങിയത്. പിന്നീട് വനിതാ വിശ്രമ കേന്ദ്രമാക്കി മാറ്റി. ദീർഘദൂര യാത്രക്കാരായ സ്ത്രീകൾക്ക് ആധുനിക സൗകര്യങ്ങളോടെ വിശ്രമകേന്ദ്രം, ലഘു ഭക്ഷണം, ശുചിമുറി സൗകര്യം, അമ്മമാർക്ക് മുലയൂട്ടാനുള്ളയിടം തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുമെന്ന് നഗരസഭാധികൃതർ അറിയിച്ചത്. എന്നാൽ, ഇവയൊന്നും ഇപ്പോൾ ഉദ്ഘാടനം ചെയ്ത കെട്ടിടത്തി‍ൽ ഒരുക്കിയിട്ടില്ല. വെള്ളവും വെളിച്ചവുമില്ല. കഴിഞ്ഞ ഡിസംബർ 31ന് രാജ്മോഹൻ ഉണ്ണിത്താൻ എംപിയാണു കെട്ടിടം ഉദ്ഘാടനം നടത്തിയത്.

18.88 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ കെട്ടിടം നിർമിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. ചുവരുകൾക്ക് ചായം പൂശി മോടി പിടിപ്പിച്ചിട്ടുണ്ട്. വിശ്രമിക്കാനെത്തുന്നവർക്ക് ഇരിക്കാൻ സൗകര്യമില്ല. ശുചിമുറിയോടു അനുബന്ധിച്ച് സാനിറ്ററി നാപ്കിൻ വെൻഡിങ് യന്ത്രവും സ്ഥാപിക്കണം. കഴിഞ്ഞ ദിവസം ചേർന്ന കാസർകോട് താലൂക്ക് വികസന സമിതി യോഗത്തിൽ വനിതാ വിശ്രമ കേന്ദ്രം തുറന്നു കൊടുക്കാത്തത് ചർച്ചയായിരുന്നു. ആവശ്യമായ സംവിധാനം ഒരുക്കി വിശ്രമം കേന്ദ്രം തുറന്നു കൊടുക്കണമെന്നു യോഗം നിർദേശിച്ചിരുന്നു.

വിശ്രമം കേന്ദ്രം ഉടൻ തുറക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭാധ്യക്ഷൻ വി.എം.മുനിർ പറഞ്ഞു. താൽക്കാലിക വൈദ്യുതി കണക്ഷൻ മാത്രമാണ് അവിടെയുള്ളത്. വനിതാ വിശ്രമ കേന്ദ്രം നടത്തിപ്പുകാരെ ആവശ്യമാണെങ്കിൽ ടെൻഡറിലൂടെയും അല്ലെങ്കിൽ നേരിട്ടുമായി കണ്ടെത്തുമെന്നും എല്ലാവിധ സൗകര്യങ്ങളോടും കൂടി ഉടൻ തുറന്നുകൊടുക്കുമെന്നും ചെയർമാൻ പറഞ്ഞു.


No comments