JHL

JHL

കോഴിക്കോട് ട്രെയിൻ ആക്രമണം; ഷാറൂഖ് സെയ്ഫി റിമാൻഡിൽ

 

കോഴിക്കോട്(www.truenewsmalayalam.com) : എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ മൂന്നാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. മജിസ്‌ട്രേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്.

ഈമാസം 28 വരെയാണ് റിമാൻഡ് ചെയ്തത്. ആരോഗ്യനില തൃപ്തികരമാണെങ്കിലും ഷാറൂഖിനെ ജയിലിലേക്ക് മാറ്റില്ലെന്നാണ് അറിയുന്നത്. കിടത്തി ചികിത്സ ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുകയാണ്. ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനം.

മഞ്ഞപ്പിത്തബാധയെ തുടർന്നാണ് ഷാറൂഖ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടരുന്നത്. വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ശരീരത്തിലേറ്റ പൊള്ളലേറ്റത് സാരമല്ലെന്നായിരുന്നു കഴിഞ്ഞദിവസം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ട്രെയിനില്‍ നിന്ന് ചാടിയതിനെ തുടര്‍ന്നുണ്ടായ പരിക്കുകളും ഗുരുതമല്ലെന്നും എക്സറേ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

വെള്ളിയാഴ്ച രാവിലെ നടത്തിയ രക്തപരിശോധനയിലും പ്രശ്നങ്ങളൊന്നുമില്ലെന്നും കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച ആശുപത്രിയിൽ വെച്ചും ഷാറൂഖ് സെയ്ഫിയെ പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നു. കേസ് വിവരങ്ങൾ തിരക്കാനായി എൻ.ഐ.എ സംഘവും കോഴിക്കോട്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്.

മൂന്ന് ദിവസത്തെ അന്വേഷണത്തിന് ശേഷം മഹാരാഷ്ട്രയിലെ രത്നഗിരിയില്‍നിന്നാണ് ഷാറൂഖ് സെയ്ഫിയെ മഹാരാഷ്ട്ര എ.ടി.എസ് സംഘം പിടികൂടുന്നത്. പിന്നീട് ഇയാളെ കേരള പൊലീസിന് കൈമാറുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ഷാരൂഖിനെ കേരളത്തിലേക്ക് എത്തിച്ചത്.


No comments