JHL

JHL

വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയ റെയില്‍വേ സ്റ്റേഷന്‍ സൗന്ദര്യവല്‍ക്കരണം, നിരീക്ഷണ സമിതിക്കെതിരെ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ യുടെ പരാതി.

കാസര്‍കോട്(www.truenewsmalayalam.com) : കാസർഗോഡ്  വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയ റെയില്‍വേ സ്റ്റേഷന്‍ പരിസര സൗന്ദര്യവല്‍ക്കരണം നിരീക്ഷിക്കുന്നതിനായി സ്വയം രൂപീകരിച്ച മൂന്നംഗ നിരീക്ഷണ സമിതിക്കെതിരെ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ  പരാതി നൽകി.

സമിതി ദുരൂഹത ഉണ്ടാക്കുന്നുവെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ക്കും എം.എല്‍.എ പരാതി നല്‍കിയത്. അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന് കലക്ടറും എസ്.പിയും ഉറപ്പ് നല്‍കി.

പൊതുമരാമത്ത് വകുപ്പിന്റെ നിരത്ത് വിഭാഗമാണ് പ്രസ്തുത പ്രവൃത്തി ടെണ്ടര്‍ ചെയ്തത്. നിര്‍മ്മാണ ചുമതലയും ഇവര്‍ക്കു തന്നെയാണ്. 5 കോടി രൂപയുടെ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത് സുബിന്‍ ആന്റണി എന്ന കരാറുകാരനാണ്. ഇതിനിടയിലാണ് ‘റെയില്‍വേ സ്റ്റേഷന്‍ ബ്യൂട്ടിഫിക്കേഷന്‍ വര്‍ക്ക്-മൂന്നംഗ നിരീക്ഷണ സമിതി നിലവില്‍ വന്നു’ എന്ന വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

സര്‍ക്കാറിന്റെ പദ്ധതിയായ കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് പണം ചെലവഴിച്ചു പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ടെണ്ടര്‍ ചെയ്ത പ്രവൃത്തിയുടെ മേല്‍നോട്ടത്തിന് ഒരു സമിതി പുറമെ നിന്ന് എങ്ങനെയാണുണ്ടാകുക എന്ന് മനസ്സിലാകുന്നില്ലെന്ന് എം.എല്‍.എ പാരതിയില്‍ പരാമർശിച്ചു.

 ഇത് സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണോ എന്നാണ് ജനം ചോദിക്കുന്നത്. കടലാസ് സംഘടനയുണ്ടാക്കി പൊതുപ്രവര്‍ത്തകരാണെന്ന വ്യാജേന ഉദ്യോഗസ്ഥന്മാരേയും കരാറുകാരേയും ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ നാനാഭാഗങ്ങളിലും കണ്ടുവരുന്ന ദുഷ്പ്രവണതകളാണ്.

 പരാതിപ്പെടാന്‍ ആരും മുന്നോട്ടു വരാത്തത് ഇത്തരക്കാര്‍ക്ക് സഹായകമാകുന്നു. പീഡനം ഭയന്നും വയ്യാവേലി വേണ്ടായെന്നും കരുതി മാത്രമാണ് പലരും മിണ്ടാതിരിക്കുന്നത്. എത്രയോ കരാറുകാര്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ പിന്മാറിയിട്ടുണ്ട്. ചിലര്‍ പ്രവൃത്തികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചിട്ടുമുണ്ട്. പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന നിരീക്ഷണ സമിതിക്കാരുടെ പീഡനം ഭയന്നാണ് കരാറുകാര്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ കഴിയാതെ മാറിനില്‍ക്കുന്നത്.

 ഈ ദുര്‍ഗതി കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന് ഉണ്ടാകാന്‍ പാടില്ലെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

 ജില്ലാ കലക്ടര്‍, എസ്.പി, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരെ നോക്കുകുത്തികളാക്കി ഇത്തരത്തില്‍ നിരീക്ഷ സമിതി രൂപീകരിക്കാനും വാര്‍ത്ത പ്രചരിപ്പിക്കാനും എങ്ങനെ ധൈര്യമുണ്ടായി എന്നതിനെ കുറിച്ച് അന്വേഷിക്കണെമെന്നും ഇതിനുത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കില്‍ നാട്ടില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്താന്‍ പറ്റാത്ത സ്ഥിതിവരുമെന്നും എം.എല്‍.എ കത്തില്‍ പറഞ്ഞു.

No comments