JHL

JHL

മണിപ്പൂരിൽ നടക്കുന്നത് ക്രൈസ്തവ-ഗോത്ര വംശഹത്യ; റസാഖ് പാലേരി.

കാസർകോട്(www.truenewsmalayalam.com) : മണിപ്പൂരിൽ നടക്കുന്നത് ക്രൈസ്തവരെയും ഗോത്ര വിഭാഗക്കാരെയും ഉന്നം വെച്ചുള്ള വംശഹത്യയാണ്. സംഘ്പരിവാർ പ്രത്യയശാസ്ത്ര പിൻബലത്തോടെ നടത്തുന്ന ഉന്മൂലനമാണ് മൂന്ന് മാസത്തോളമായി അവിടെ തുടർന്ന് കൊണ്ടിരിക്കുന്നത്.

 മണിപ്പൂരിൽ നടക്കുന്നത് സ്ത്രീ പീഡന സംഭവം എന്ന നിലയിൽ മാത്രം കാണേണ്ട സംഭവ വികാസങ്ങളല്ല. പ്രത്യേക സാമൂഹിക വിഭാഗങ്ങളെയാണ് അക്രമങ്ങൾ ലക്ഷ്യമിടുന്നത്. ലോക്സഭയിൽ ചർച്ചകൾ നടക്കേണ്ടത് ഭരണകൂടപിന്തുണയോടെ നടക്കുന്ന ഈ വംശീയ ഉന്മൂലനത്തെ കുറിച്ചാണ്. അക്രമ സംഭവങ്ങളെ കുറിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം. കുറ്റക്കാരായ കലാപകാരികളെയും അക്രമങ്ങൾക്ക് ഒത്താശ ചെയ്തു കൊടുത്ത പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും നിയമ നടപടികൾക്ക് വിധേയമാക്കണം. സംസ്ഥാന ഭരണകൂടത്തെയും മുഖ്യമന്ത്രി ബിറേൺ സിംഗിനെയും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ട് വരണം.

സംഘ്പരിവാർ മുന്നോട്ട് വെക്കുന്ന വംശീയരാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ ലബോറട്ടറിയാണ് മണിപ്പൂർ. ബി ജെ പി യ്ക്ക് അധികാരം ലഭിച്ചയിടങ്ങളിലെ ന്യൂനപക്ഷങ്ങൾക്കും ഗോത്രവിഭാഗങ്ങൾക്കും എന്ത് സംഭവിക്കുമെന്നതിന്റെ ഉദാഹരണമാണ് ഗുജറാത്തിലും മുസഫർ നഗറിലും സംഭവിച്ചതും ഇപ്പോൾ മണിപ്പൂരിൽ സംഭവിക്കുന്നതും.

വംശീയത, വർഗീയത, ധ്രുവീകരണം, വെറുപ്പുൽപാദനം തുടങ്ങിയ പ്രതിലോമ ആശയങ്ങളിലൂടെയാണ് സംഘ്പരിവാർ എന്നും അധികാരം നേടിയിട്ടുള്ളത്. വംശഹത്യകളും കലാപങ്ങളും സംഘ്പരിവാറിന്റെ രാഷ്ട്രീയ ഉപകാരണങ്ങളാണ്. മുസ്‌ലിം - ക്രൈസ്തവ ന്യൂനപക്ഷങ്ങളെയും ദലിത് - ആദിവാസി - പിന്നാക്ക വിഭാഗങ്ങളെയും ഇല്ലായ്മ ചെയ്യുക എന്നത് സംഘ്പരിവാറിന്റെ പ്രഖ്യാപിത അജണ്ടയാണ്.

നേരത്തെ കർണാടകയിൽ പരീക്ഷിച്ചതിന് സമാനമായി സംവരണം പോലുള്ള ടൂളുകൾ ദുരുപയോഗപ്പെടുത്തി പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കി മുതലെടുക്കുകയാണ് സംഘ്പരിവാർ.

മണിപ്പൂരിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പി യെ പിന്തുണച്ച കുക്കി വിഭാഗത്തെയാണ് ഇപ്പോൾ ഭരണ പിന്തുണയോടെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നത്.

ബി ജെ പി യുടെയും ആർ എസ് എസിന്റെയും വംശീയ പദ്ധതികൾക്കെതിരിൽ സാമൂഹികവും രാഷ്ട്രീയവുമായ യോജിച്ച മുന്നേറ്റം ഉണ്ടാകണം. സങ്കുചിതമായ കക്ഷി താല്പര്യങ്ങൾക്ക് അതീതമായ മുന്നേറ്റങ്ങൾക്ക് പുതിയ കാലത്ത് വലിയ പ്രസക്തിയുണ്ട്. വെൽഫെയർ പാർട്ടി അത്തരം യോജിച്ച രാഷ്ട്രീയ നീക്കങ്ങൾക്ക് വേണ്ടി നില കൊള്ളും.

മലബാർ ജില്ലകളിൽ പ്ലസ് വണ്ണിന് അധിക താത്കാലിക ബാച്ചുകൾ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തിരിക്കുകയാണ്. മലബാർ വിദ്യാഭ്യാസ വിവേചനം എന്നൊന്നില്ലെന്ന് വാദിച്ച ഇടതുപക്ഷത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും മുൻ വാദങ്ങൾ അവർ തന്നെ തിരുത്തുന്നത് സ്വാഗതാർഹമാണ്.

  എങ്കിലും എല്ലാ വർഷവും താത്കാലിക ബാച്ചുകൾ അധികരിപ്പിച്ച് നടത്തുന്ന ചെപ്പടി വിദ്യകൾക്ക് പകരം മലബാർ വിദ്യാഭ്യാസ വിവേചന പ്രശ്നത്തെ ശാശ്വതമായി പരിഹരിക്കാനുള്ള നടപടിക്രമങ്ങളിലേക്ക് വൈകിയാണെങ്കിലും സർക്കാർ പ്രവേശിക്കണമെന്ന നിർദേശം ഞങ്ങൾ ആവർത്തിക്കുകയാണ്. വർഷങ്ങളായി ഈ വിഷയം ഉന്നയിച്ചു കൊണ്ടിരിക്കുന്ന മലബാറിലെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സർക്കാർ ഇനിയെങ്കിലും മാനുഷിക മുഖത്തോട് കൂടി നോക്കാൻ തയ്യാറാകണം. മലബാറിലെ ഹയർ സെക്കണ്ടറി ഇല്ലാത്ത മുഴുവൻ ഹൈസ്‌കൂളുകളും ഹയർ സെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്തും ആവശ്യമായ സ്ഥിരം അധിക ബാച്ചുകൾ അനുവദിച്ചുമാണ് പ്രശ്നം പരിഹരിക്കേണ്ടത്. കാസർഗോഡ് ജില്ലയിൽ ഹയർ സെക്കണ്ടറി ഇല്ലാത്ത 32 സ്‌കൂളുകളുണ്ട്. മൂവായിരത്തിലധികം പ്ലസ് വൺ സീറ്റുകൾ ജില്ലയിൽ ഇനിയും ആവശ്യമുണ്ട്. ഗുരുതരമായ ഒരു സാമൂഹ്യ പ്രശ്നം കൺമുമ്പിൽ നിൽക്കെ വിഷയത്തിൽ അലംഭാവം പുലർത്തുന്ന മലബാർ ജില്ലകളിലെ ജനപ്രതിനിധികളുടെ നിഷ്‌ക്രിയ സമീപനം പ്രതിഷേധാർഹമാണ്. മലബാർ വിദ്യാഭ്യാസ വിവേചന വിഷയത്തിൽ അവകാശങ്ങൾ നേടിയെടുക്കാൻ വെൽഫെയർ പാർട്ടി ബഹുജന പ്രക്ഷോഭങ്ങൾ തുടരും.

വാർത്ത സമ്മേളനത്തിൽ പങ്കെടുത്തവർ:

1. റസാഖ് പാലേരി (സംസ്ഥാന പ്രസിഡന്റ്, വെൽഫെയർ പാർട്ടി)

2. ഇ സി ആയിഷ (ദേശീയ സെക്രട്ടറി)

3. ജ്യോതിവാസ് പറവൂർ (സംസ്ഥാന സെക്രട്ടറി)

4. മുഹമ്മദ്‌ വടക്കേക്കര (കാസർഗോഡ് ജില്ല പ്രസിഡന്റ്, വെൽഫെയർ പാർട്ടി)


ജില്ല മീഡിയ കൺവീനർ

ലത്തീഫ് കുമ്പള, ഫോൺ: 999 58 18 2 35


സംസ്ഥാന മീഡിയ കൺവീനർ

നജ്ദ റൈഹാൻ, ഫോൺ: 81295 57 144

No comments