JHL

JHL

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്; നാളെയും മറ്റന്നാളും പരിശോധന നടത്തും.

 

കാസർകോട്(www.truenewsmalayalam.com) : ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മുഴുവൻ ഭക്ഷ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തീരുമാനം. നാളെ മുതൽ ഭക്ഷ്യ സുരക്ഷാ ലൈസൻസോ റജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന ജില്ലയിലെ മുഴുവൻ ഭക്ഷ്യസ്ഥാപനങ്ങളെയും അടച്ചു പൂട്ടിക്കും. ഇത്തരത്തിൽ അടച്ചുപൂട്ടപ്പെടുന്ന ഭക്ഷ്യസ്ഥാപനങ്ങൾ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ നേരിടേണ്ടി വരും. 

ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതോ ഭക്ഷ്യസുരക്ഷ ലൈസൻസ് പരിധിയിൽ വന്നിട്ടും ഭക്ഷ്യസുരക്ഷ റജിസ്‌ട്രേഷനിൽ പ്രവർത്തിക്കുന്നതോ ആയ സ്ഥാപനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടച്ചുപൂട്ടൽ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. ലൈസൻസ് ലഭിക്കുന്നതിനായി foscos.fssai.gov.in എന്ന പോർട്ടലിലൂടെ അപേക്ഷിക്കാം.സാധാരണ ലൈസൻസുകൾക്ക് 2,000 രൂപയാണ് ഒരു വർഷത്തേക്കുള്ള ഫീസ്. നാളെ മുതൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തനം ലൈസൻസ് നേടുന്നതു വരെ നിർത്തി വയ്പിക്കും.

ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവർക്കെതിരെയും കാണുന്ന രീതിയിൽ പ്രദർശിപ്പിക്കാത്ത ഭക്ഷ്യസ്ഥാപനങ്ങൾക്കെതിരെയും നിയമപരമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്നിനും രണ്ടിനും വ്യാപകമായി ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ് 2023 എന്ന പേരിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധനകൾ നടത്തുന്നതിനു പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്.

ജീവനക്കാരുള്ള തട്ടുകടയ്ക്കും ലൈസൻസ് വേണം

ഒട്ടേറെ കച്ചവട സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിനു പകരം റജിസ്‌ട്രേഷൻ മാത്രമെടുത്തു പ്രവർത്തിക്കുന്നതായി പരിശോധനകളിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു ലൈസൻസ് പരിശോധനകൾ കർശനമാക്കിയിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും എഫ്എസ്എസ്എഐ ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കേണ്ടതാണ്. ജീവനക്കാരെ ഉൾപ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസൻസ് എടുക്കേണ്ടതാണ്. ലൈസൻസിനു പകരം റജിസ്‌ട്രേഷൻ മാത്രമെടുത്തു പ്രവർത്തിക്കുന്നവരെ ലൈസൻസ് ഇല്ലാത്തവരായി പരിഗണിച്ചു നടപടി സ്വീകരിക്കും.

റജിസ്ട്രേഷൻ മാത്രം വേണ്ടവർ

സ്വന്തമായി ഭക്ഷണം നിർമിച്ച് വിൽപന നടത്തുന്നവർ, പെറ്റി റീടെയ്‌ലർ, തെരുവുകച്ചവടക്കാർ, ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവർ, താൽക്കാലിക കച്ചവടക്കാർ എന്നിവർക്കു മാത്രമാണു റജിസ്‌ട്രേഷൻ അനുമതിയോടെ പ്രവർത്തിക്കാവുന്നത്.


No comments