JHL

JHL

നാങ്കി കടപ്പുറത്ത് വെള്ളത്തിൽ മുങ്ങി വീടുകൾ ; നാട്ടുകാർ ദുരിതത്തിൽ.

മൊഗ്രാൽ(www.truenewsmalayalam.com) : ഒരു പതിറ്റാണ്ട് കാലത്തെ പ്രദേശവാസികളുടെ മുറവിളിക്ക് ഇനിയും പരിഹാരമായില്ല. മൊഗ്രാൽനാങ്കി കടപ്പുറത്തെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ഈ കാലയളവിൽ മുട്ടാത്ത വാതിലുകളില്ല. എംഎൽഎമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, റവന്യൂ, ഇരിഗേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരൊക്കെ വന്നു, കണ്ടു മടങ്ങിയതല്ലാതെ വെള്ളക്കെട്ടിന് പരിഹാരം ഇതുവരെയായിട്ടില്ല.

 മഴ കനക്കുന്നതോടെ പ്രദേശവാസികൾ വലിയ ആശങ്കയിലാണ് കഴിഞ്ഞുകൂടുന്നത്. പിഞ്ചു  കുഞ്ഞുങ്ങൾക്കും, സ്കൂൾ- മദ്രസ വിദ്യാർത്ഥികൾക്കുമൊക്കെ വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് എല്ലാ മഴക്കാലത്തും പ്രദേശവാസികൾ അനുഭവിക്കുന്നത്. പ്രദേശത്തെ വെള്ളം മാത്രമല്ല ഇവിടെ തങ്ങി നിൽക്കുന്നത്, മൊഗ്രാൽ നാങ്കി റോഡിൽനിന്ന് മൗലൂത്ത് വളപ്പ് വഴി റെയിൽവേ  തുരങ്കത്തിലൂടെ കുത്തിയോലിച്ചു വരുന്ന വെള്ളവും കടപ്പുറം പ്രദേശത്തേക്കാണ് വരുന്നത്. ഇത് വെള്ളക്കെട്ടിന്റെ ആക്കം കൂട്ടുന്നു. പ്രദേശത്ത് 25 ഓളം വീടുകളാണ് വെള്ളക്കെട്ട് ഭീഷണിയിലുള്ളത്.

 മഴ കനക്കുന്നതോടെ വെള്ളം വീടുകളിലേക്ക് കയറിത്തുടങ്ങും. കക്കൂസ് കുഴികൾ വെള്ളത്തിൽ മുങ്ങുന്നത് വലിയ ആരോഗ്യ ഭീഷണിയും നേരിടുന്നു. ഇതുവഴി ശുദ്ധജലവും മലിനമാകുന്നത് ദുരിതം ഇരട്ടിക്കാൻ കാരണമാകുന്നു.

 കാലവർഷത്തിനു മുമ്പ് നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങൾ ഈ പ്രാവശ്യം നാങ്കി കടപ്പുറം പ്രദേശങ്ങളിൽ നടന്നിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. അതെങ്കിലും നടന്നിരുന്നുവെങ്കിൽ നേരിയ തോതിലെങ്കിലും വെള്ളക്കെട്ട് ഒഴിവാക്കാമായിരുന്നുവെ ന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

 അതേസമയം പ്രശ്നപരിഹാരത്തിന് സ്ഥല ഉടമകൾ ഓവുചാല്‍ സംവിധാനത്തിനോ, പൈപ്പുകൾ സ്ഥാപിക്കാനോ സ്ഥലം വിട്ടു നൽകുകയാണെങ്കിൽ പ്രശ്നപരിഹാരത്തിനായി ഫണ്ടുകൾ ലഭ്യമാക്കുമെന്ന് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ പറയുന്നുണ്ട്.


No comments