JHL

JHL

ജനങ്ങളുടെ ആശങ്ക ചെവി കൊള്ളാതെയുള്ള നിർമ്മാണം; റോഡ് തകർച്ചയും, വെള്ളക്കെട്ടും കൊണ്ട് ദേശീയപാതയിൽ യാത്രാ ദുരിതം.

മൊഗ്രാൽ(www.truenewsmalayalam.com) : ദീർഘവീക്ഷണത്തോടെയുള്ള ജനങ്ങളുടെ കാഴ്ചപ്പാടും, ആശങ്കയും കേൾക്കാതെയുള്ള ദേശീയപാത നിർമ്മാണം പൂർണ്ണമായ റോഡ് തകർച്ചയ്ക്കും, വെള്ളക്കെട്ടിനും, യാത്രാ ദുരിതത്തിനും കാരണമാവുന്നതായി ആക്ഷേപം ഉയരുന്നു.

 നിർമ്മാണ പ്രവൃർത്തിയുടെ തുടക്കത്തിൽ തന്നെ ജനങ്ങൾ നിർമ്മാണ കമ്പനി അധികൃതരുമായി വലിയ ആശങ്കകൾ പങ്കുവെച്ചിരുന്നു. ഇതിൽ ഒന്നായിരുന്നു ഓവുച്ചാൽ സംവിധാനം. ആദ്യം നിർമ്മിക്കേണ്ടിയിരുന്ന ഓവുചാൽ സംവിധാനം എവിടെയും പൂർത്തീകരിക്കാൻ കമ്പനി അധികൃതർക്ക്  കഴിഞ്ഞിട്ടില്ല.

 തലപ്പാടി- ചെങ്കള റീച്ചിൽ പാതിവഴിയിലാണ് ഓവുച്ചാൽ നിർമ്മാണം. ഇത് വലിയ തോതിലുള്ള വെള്ളക്കെട്ടിന് കാരണമായി. ഗതാഗതത്തിനായി തുറന്നുകൊടുത്ത സർവീസ് റോഡുകളിലാണ് വെള്ളക്കെട്ട് കൂടുതലും അനുഭവപ്പെടുന്നത്. സർവീസ് റോഡിന് സമീപത്തായാണ് ഓവു ചാൽ നിർമ്മിച്ചിട്ടുള്ളതും. ഇത് ആദ്യം പൂർത്തീകരിച്ചിരുന്നുവെ ങ്കിൽ വെള്ളക്കെട്ട് ഒഴിവാക്കാമായിരുന്നുവെന്ന്  നാട്ടുകാർ പറയുന്നു. ഇനിയും മഴ കന ക്കുകയാണെങ്കിൽ ദേശീയപാതയിൽ ഗതാഗത സ്തംഭനത്തിന് തന്നെ ഇത് വഴിവെക്കും.

 താൽക്കാലിക സംവിധാനമെന്ന നിലയിൽ ഗതാഗത തടസ്സം നേരിടാതിരിക്കാൻ നിർമ്മിച്ച് നൽകിയ റോഡ് തകർച്ച പൂർണ്ണമാണ്. മഞ്ചേശ്വരത്തും, മൊഗ്രാലിലും വലിയ തോതിലുള്ള തകർച്ചയാണ് നേരിടുന്നത്. ഇത് യാത്രാദുരിതത്തിന് കാരണമാവുന്നുമുണ്ട്. റോഡ് തകർച്ച നേരിടുന്ന പ്രദേശങ്ങളിൽ പുതുതായി നിർമ്മിക്കുന്ന ദേശീയപാതയുടെ പ്രവർത്തിയും പാതിവഴിയിലാണ്. ഇതും പകരം സംവിധാനത്തിന് തടസ്സമാകുന്നുണ്ട്.

 അതിനിടെ ദേശീയപാതയിലെ റോഡ് തകർച്ചയും,വെള്ളക്കെട്ടും  ഒഴിവാക്കാൻ കഴിഞ്ഞവർഷം നിർമ്മാണ കമ്പനി അധികൃതർ സമിതിക്ക് രൂപം നൽകിയിരുന്നു. ഈ സമിതി ഇപ്പോൾ നിലവിലുണ്ടോ എന്ന് പോലും വ്യക്തമല്ല.മഴക്കാലത്ത് ദേശീയപാതയിൽ ഉണ്ടായേക്കാവുന്ന യാത്രാദുരിതത്തെ പറ്റി നാട്ടുകാർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ കമ്പനി അധികൃതർ  അവഗണിച്ചതാണ് ഇത്രയും രൂക്ഷമായ റോഡ് തകർച്ചയ്ക്കും, യാത്രാദുരിതത്തിനും, വെള്ളക്കെട്ടിനും കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്.


No comments