JHL

JHL

മൊഗ്രാലിൽ തെരുവ് നായ്ക്കളുടെ പരാക്രമം വളർത്തുമൃഗങ്ങളോട്; വീട്ടുപകരണങ്ങളും, ഓട്ടോകളിലെ സീറ്റും നശിപ്പിക്കുന്നതും ദുരിതമാവുന്നു.

മൊഗ്രാൽ(www.truenewsmalayalam.com) : അക്രമാസ്തരാകുന്ന  തെരുവ്നായ പ്രശ്നം സംസ്ഥാനത്തെ കുട്ടികള ടക്കമുള്ളവർക്ക് വലിയ ഭീഷണിയായി നിലനിൽക്കുമ്പോൾ മൊഗ്രാലിലും, പരിസരപ്രദേശങ്ങളിലും നായ്ക്കളുടെ പരാക്രമം വളർത്തുമൃഗങ്ങളോട്. ഇതിനകം മൊഗ്രാലിലെ വിവിധ പ്രദേശങ്ങളിലായി പത്തോളം ആടുകളേയും, അത്രതന്നെ കോഴികളെയും കടിച്ചു കൊന്നിട്ടുണ്ട്. കൂട്ടമായിയെത്തുന്ന നായ്ക്കൾ കൂട് തകർത്താണ് പരാക്രമം. വീട്ടിൽ വളർത്തുന്ന പൂച്ചകളെ പോലും നായ്ക്കൾ വെറുതെ വിടുന്നില്ല.

മൊഗ്രാൽ റഹ്മത്ത് നഗർ, ബദ്ര്യാനഗർ,മൈമൂൺ നഗർ, ഖുത്ത്ബി നഗർ, സ്കൂളിന് സമീപം എന്നിവിടങ്ങളിലാണ് നായ്ക്കളുടെ ശല്യം ഏറെയുള്ളത്. വളർത്തു മൃഗങ്ങളെ കടിച്ചു കൊല്ലുന്നതോടൊപ്പം, വീട്ടുമുറ്റത്ത് നിർത്തിയിടുന്ന ഓട്ടോറിക്ഷകളുടെ സീറ്റുകൾ കടിച്ചു,വലിച്ച് നശിപ്പിക്കുകയും, വീടുകളുടെ വരാന്തയിലു ള്ള സോഫാ സെറ്റുകൾ അടക്കമുള്ള ഇരിപ്പിടങ്ങളേയും നശിപ്പിക്കുന്നത് പ്രദേശവാസികളിലും, ഓട്ടോ ഡ്രൈവർമാരിലും  ഏറെ  പ്രയാസമുണ്ടാക്കുന്നു. നായ്ക്കൾ നശിപ്പിച്ച സീറ്റുകൾ നന്നാക്കാൻ ഓട്ടോ ഡ്രൈവർമാർക്ക് 2000 രൂപ മുതൽ 4000 രൂപ വരെയാണ് ചെലവഴിക്കേണ്ടി വന്നത്.

 നായ്ക്കളെ ഓടിച്ചു പിടികൂടാൻ നാട്ടുകാർ പലപ്രാവശ്യവും ശ്രമിച്ചെങ്കിലും രാത്രിയായതിനാൽ ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായവസ്ഥയിലാണ്. നടപടിയെടുക്കേണ്ടവർ കോടതിവിധിക്കായി കാത്തു നിൽക്കുന്നതും ദുരിതം വർദ്ധിപ്പിക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു.

 തെരുവുനായ ശല്യം വർദ്ധിച്ചതോടെ കഴിഞ്ഞവർഷം സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തുവെങ്കിലും നിയന്ത്രണങ്ങളൊന്നും നടപ്പിലാക്കാൻ കഴിഞ്ഞില്ല. വാക്സിനേഷൻ നൽകാനുള്ള പദ്ധതിയും, വന്ധ്യംകരണവും ഫലം കണ്ടില്ല . പുനരവാസ ഷെൽട്ടറുകൾ  സ്ഥാപിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പോലും മടിച്ചു നിന്നു. ഇത് കടിച്ചു കീറാൻ കാത്തുനിൽക്കുന്ന നായ്ക്കളിൽ നിന്ന് ജീവൻ രക്ഷിച്ചെടുക്കുക എന്നത് ജനങ്ങൾക്ക് ഏറെ ദുർഘടമായി മാറി. ഇതോടെയാണ് നായ്ക്കളെ കൊന്നൊടുക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സുപ്രീംകോടതിയിൽ പോകേണ്ടി വന്നത്.

 പൊതുനിരത്തുകളിൽ വലിച്ചെറിയുന്ന മാംസാവശിഷ്ടങ്ങളാണ് തെരുവ് നായ്ക്കൾക്ക് ഭക്ഷണമാവുന്നതും, തിന്നുകൊഴുത്ത് അക്രമാസ്തരാകുന്നതിന് കാരണമെന്നാണ് അധികൃതരുടെ വാദം.


No comments