JHL

JHL

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു.

 


കൊച്ചി(www.truenewsmalayalam.com) : മലയാളിയുടെ സിനിമാസ്വാദനത്തെ ഹാസ്യരസത്തിന്‍റെ പുതിയ തലങ്ങളിലേക്കുയർത്തിയ പ്രിയ സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. 69 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ ക​ഴിയവെ ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം. ഖബറടക്കം ബുധനാഴ്ച വൈകീട്ട് ആറിന് എറണാകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പത് മുതൽ 12 വരെ പൊതുദർശനമുണ്ടാകും.ന്യുമോണിയയും കരള്‍ രോഗവും മൂലം ചികിത്സയില്‍ കഴിയുകയായിരുന്ന സിദ്ദിഖിന് അസുഖം കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച ഹൃദയാഘാതം ഉണ്ടായത്.

1954 ആഗസ്റ്റ് ഒന്നിന് എറണാകുളം പുല്ലേപ്പടിയിൽ ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായാണ് ജനനം. കൊച്ചിൻ കലാഭവനിൽ മിമിക്രി കലാകാരനായിരുന്ന സിദ്ദീഖിന്‍റെ ജീവിതത്തിൽ വഴിത്തിരിവായത് സംവിധായകൻ ഫാസിലുമായുള്ള കൂടിക്കാഴ്ചയാണ്. തുടർന്ന്, ഫാസിലിന്‍റെ ചിത്രങ്ങളിൽ സഹസംവിധായകനായി. 1986ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിൽ തിരക്കഥാകൃത്തായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നടനും സംവിധായകനുമായ ലാലുമായി ചേർന്ന് 1989ൽ സംവിധാനം ചെയ്ത ‘റാംജി റാവു സ്പീക്കിങ്’ ആണ് ആദ്യ ചിത്രം. സിദ്ദിഖ്-ലാൽ എന്നറിയപ്പെട്ട ഈ കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകളെല്ലാം ബോക്സ് ഓഫിസിൽ വൻ വിജയമായിരുന്നു. ഇൻഹരിഹർ നഗർ (1990), ഗോഡ്ഫാദർ (1991), വിയറ്റ്നാം കോളനി (1992) കാബൂളിവാല (1994) ടു ഹരിഹർ നഗർ തുടങ്ങിയവയാണ് ഹിറ്റ് കൂട്ടുകെട്ടിൽ പിറന്ന മറ്റു ചിത്രങ്ങൾ.ഹിറ്റ്ലർ, ഫ്രണ്ട്‌സ് (മലയാളം, തമിഴ്), ക്രോണിക് ബാച്ച്‌ലർ, ബോഡി ഗാർഡ് (മലയാളം, ഹിന്ദി), ലേഡീസ് ആൻഡ് ജെന്റിൽമാൻ,

ഭാസ്കർ ദ റാസ്കൽ, ഫുക്രി, ബിഗ് ബ്രദർ എന്നിവയും കാവലൻ, എങ്കൾ അണ്ണ, സാധു മിറാൻഡ എന്നീ തമിഴ് ചിത്രങ്ങളുമാണ് സിദ്ദിഖ് തനിച്ച് സംവിധാനം ചെയ്ത ചിത്രങ്ങൾ.

മക്കൾ മാഹാത്മ്യം, മാന്നാർ മത്തായി സ്പീക്കിങ്, ഫിംഗർ പ്രിന്‍റ്, കിംഗ് ലയർ എന്നിവയുടെ തിരക്കഥയും നാടോടിക്കാറ്റ്, അയാൾ കഥയെഴുതുകയാണ് എന്നിവയുടെ കഥയും സിദ്ദീഖിന്‍റേതാണ്. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, പൂവിന് പുതിയ പൂന്തെന്നൽ, മാനത്തെ കൊട്ടാരം, ഫൈവ്സ്റ്റാർ ഹോസ്പിറ്റൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

സജിതയാണ് ഭാര്യ. മക്കൾ: സുമയ്യ, സാറ, സുകൂൻ.

No comments