JHL

JHL

തീരത്തെങ്ങും "ഞണ്ട്" ചാകര; ഇനി മീൻ കാലം.

മൊഗ്രാൽ(www.truenewsmalayalam.com) : കാലവർഷത്തിലുണ്ടായ മാറ്റവും,കടൽ ശാന്തമായതും, ട്രോളിംഗ് നിരോധനം നീങ്ങിയതും മത്സ്യങ്ങളുടെ വരവറിയിച്ച് മത്സ്യ മാർക്കറ്റുകളും, തെരുവോരങ്ങളും.

 രണ്ടുമാസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷമാണ് മത്സ്യത്തൊഴിലാളികൾ കടലിൽ പോയി തുടങ്ങിയത്. ബോട്ടുകൾ കടലിൽ ഇറങ്ങിയതോടെയാണ് മീനുകൾ യഥേഷ്ടം ലഭ്യമായി തുടങ്ങിയത്.

 അയില,മത്തി,ചെമ്മീൻ, അയക്കൂറ, കൂന്തൽ, കോലി എന്നിവ മാർകറ്റിൽ സുലഭമാണ്. കുറച്ച് നാൾ മുമ്പ് വരെ തീ വിലയായിരുന്ന അയില മത്തി എന്നിവയ്ക്ക് 100 മുതൽ 150 രൂപ വരെയാണ് ഇപ്പോഴത്തെ വില. ചെമ്മീന് വലുതിന് 400 രൂപയും ചെറുതിന് 200 രൂപയുമാണ് വില.അയക്കൂറ 400മുതൽ 500രൂപ വരെയുണ്ട്. കോലിക്ക് 150മുതൽ 200രൂപ വരെ.

 അതിനിടെ തീരത്തെങ്ങും ചെറിയ, ചെറിയ വലകൾ ഉപയോഗിച്ചുള്ള മീൻ പിടുത്തവും വ്യാപകമാണ്. ഇത്തരം മീൻ പിടുത്തക്കാർക്കൊക്കെ ഇപ്പോൾ "ഞണ്ട്'' ചാകരയാണ്. ഞണ്ടിനും 100 രൂപ മുതൽ 200 രൂപ വരെ  ഈടാക്കുന്നുണ്ട്. ക്വിണ്ടൽ കണക്കിന് ഞണ്ടാണ് ചാക്കുകളിലാക്കി ജില്ലയിലെ തീരമേഖലയിൽ നിന്ന് ഇപ്പോൾ മത്സ്യമാർക്കറ്റുകളിലും പൊതു ഇടങ്ങളിലും എത്തുന്നത്.

 വൈകുന്നേരങ്ങളിലും, രാത്രിയുമാണ് നാട്ടുമ്പുറങ്ങളിൽ മത്സ്യക്കച്ചവടം പൊടിപൊടിക്കുന്നത്. തലപ്പാടി മുതൽ ചെങ്കള വരെയുള്ള ദേശീയപാതയോരങ്ങളിൽ ഇത്തരത്തിൽ മത്സ്യ വില്പന കാണാൻ കഴിയും. മത്സ്യം വാങ്ങാൻ ധാരാളം ആളുകളാണ് വൈകുന്നേരവും രാത്രിയിലുമായി ദേശീയപാതയോരങ്ങളിൽ എത്തുന്നത്.

No comments