JHL

JHL

പ്രതിസന്ധിയിലുള്ള കെ.എസ്.ആർ.ടി.സിക്ക് അന്തർ സംസ്ഥാന റൂട്ടിൽ ആത്മഹത്യാപരമായ നിലപാട്; മുസ്ലിം ലീഗ്.

ഉപ്പള(www.truenewsmalayalam.com) : കാസറഗോഡ് - മംഗലാപുരം അന്തർസംസ്ഥാന റൂട്ടിൽ ഇരു സംസ്ഥാനങ്ങൾ ഉണ്ടാക്കിയ കരാർ പ്രകാരം 45 വീതം ബസുകളാണ് സർവ്വീസ് നടത്തേണ്ടത്, എന്നാൽ കേരള എസ്.ആർ.ടി.സി 45 വേണ്ടിടത്ത് 30 ബസുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്.

 ഇതുകൊണ്ടു തന്നെ ലക്ഷങ്ങളുടെ വരുമാനമാണ് നഷ്ടമാകുന്നത്, ഇത് പ്രതിസന്ധിയിലായ കെഎസ്ആർടിസി സ്വയം ആത്മഹത്യ ചെയ്യുന്ന നയമാണെന്നും സൂചിപ്പിച്ച്, അന്തർ സംസ്ഥാന കരാർ പ്രകാരമുള്ള മുഴുവൻ ബസുകളും സർവ്വീസ് നടത്തുന്നതിന് വേണ്ട ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല കണ്ടത്തിലും ജനറൽ സെക്രെട്ടറി ഇകെ മുഹമ്മദ് കുഞ്ഞിയും എകെഎം അഷ്‌റഫ് എംഎൽഎയ്ക്ക് നിവേദനം നൽകി.

കാസറഗോട്ടെ വിവിധ ഗ്രാമങ്ങളിൽനിന്നും മറ്റുമായി ദിനേന നൂറുക്കണക്കിന് രോഗികളും കൂട്ടിരിപ്പ്കാരും നിരവധി വിദ്യാർത്ഥികളുമാണ് അഞ്ചിലേറെ മെഡിക്കൽ കോളേജുകളുടെയും മറ്റു വിദ്യാഭ്യാസ-ഐടി സ്ഥാപനങ്ങളുടെയും ഹബ്ബായി മാറുന്ന ദേർളക്കട്ടയിലേക്ക് പോയിവരുന്നത്.

 ഇവിടേക്ക്  കാസറഗോഡ്-ദേർളകട്ട-ബിസി റോഡ് റൂട്ടിൽ ഇരു സംസ്ഥാനങ്ങളിൽ നിന്നായി അഞ്ചു വീതം ബസുകളാണ് സർവ്വീസ് നടത്താനും ഇരു സർക്കാരുകളുടെയും ധാരണയുണ്ട് ഇതനുസരിച്ച് ‌ കർണാടകയുടെ അഞ്ചു ബസും കൃത്യമായി സർവ്വീസ് നടത്തുമ്പോൾ കേരളത്തിന്റെ ഒരു ബസ് പോലും ഓടിക്കുന്നില്ല.

ഈ റൂട്ടിലെ കർണാടകയുടെ ബസുകളിൽ തിങ്ങിനിറഞ്ഞാണ് യാത്രക്കാർ പോയിവരുന്നത്, ഇത്രെയേറെ വരുമാനമുണ്ടാക്കാൻ കഴിയുന്ന ഈ റൂട്ടിലും കേരളത്തിന് വരുമാനം ആവശ്യമില്ലാത്ത മട്ടാണ്.

കാസറഗോഡ്-മംഗലാപുരം റൂട്ടിൽ രണ്ട് മണിക്കൂർ ഇടവിട്ട് ഇരു സംസ്ഥാങ്ങളിൽ നിന്നുള്ള ബസുകളാണ് സർവ്വീസ് നടത്തേണ്ടത്, എന്നാൽ കേരള ബസിന്റെ സമയത്തും കർണാടകയുടെ ബസുകളാണ് സർവ്വീസ് നടത്തുന്നത്. 

കേരളത്തിന്റെ ആകെ ഓടുന്ന ബസുകളാണെങ്കിൽ കൂട്ടമായി ഒന്നിച്ചാണ് പലപ്പോഴും  യാത്ര നടത്തുന്നത്, പലയിടത്തും ബസ് സ്റ്റാൻഡിലും കയറാതെ റോഡരികിൽ നിർത്തി കാത്ത് നിൽക്കുന്ന അല്ലെങ്കിൽ പിന്നാലെ ഓടിവരുന്ന ആളെപോലും കയറ്റാൻ തയ്യാറാവാതെ വരുമാനത്തിന് യാതൊരു പ്രാധാന്യവും കൊടുക്കാതെ നേർച്ച പോലെ സർവ്വീസ് അവസാനിപ്പിക്കുന്ന   പ്രവണതയാണുള്ളത്.

അതെ സമയം കർണാടക ബസുകളുടെ തൊഴിലാളികൾ മറ്റു ബസുകളിൽ നിന്നിറങ്ങുന്ന യാത്രക്കാരെയടക്കം വിളിച്ചു ബസിൽ കയറ്റി പരമാവധി യാത്രക്കാരെ കയറ്റികൊണ്ട്പോകുന്നതും കാണാം.

കേരള ബസുകളിലെ തൊഴിലാളികളുടെ ആത്മാർത്ഥതയില്ലായ്മയും ഇവരെയൊക്കെ നിയന്ത്രിക്കാൻ മേലുദ്യോഗസ്ഥർക്ക് താല്പര്യമില്ലാത്തതിന്റെയും ഫലമാണിത്. കാസറഗോഡ്-മംഗലാപുരം, കാസറഗോഡ്-ദേർളകട്ട-ബിസി റോഡ് റൂട്ടുകളിലായിയി കരാർ പ്രകാരം ഓടേണ്ട 20 ബസുകളാണ് സർവീസ് നടത്താതെയിരിക്കുന്നത് ഇത് മൂലം കേരള കെഎസ്ആർടിസിക്ക് രണ്ട് ലക്ഷത്തിലേറെ രൂപയുടെ വരുമാന നഷ്ടമാണുണ്ടാകുന്നത്.

കാസറഗോഡ് നിന്ന് നേരത്തെ കർണാടക പുത്തിരിലെക്ക് രാവിലെ 5.30 ന് കേരളബസ്  ഉണ്ടായിരുന്നു, അത് നിർത്താലാക്കി ഇപ്പോൾ രാവിലെ 6 മണിക്ക് കർണാടക സർക്കാറിന്റെ ബസാണ് സർവ്വീസ് നടത്തുന്നത്.

ഇത് കൂടാതെ ലാഭകരമായിരുന്ന കാസർകോട്-സുള്ള്യ-മെഡിക്കേരി, കാസറഗോഡ് -ധർമ്മസ്ഥല, കുമ്പള-പെർള-പുത്തൂർ എന്നീ റൂട്ടുകളിലും നേരത്തെയുണ്ടായിരുന്ന കേരള ബസുകളും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലവും, ഈ റൂട്ടുകളിലെ സ്വകാര്യ ബസ് മുതലാളിമാരുടെ ഇങ്കിതത്തിന് വഴങ്ങിയും നിർത്തലാക്കിയിരിക്കുകയാണ്.

 കാസർകോട് നിന്നും ബാഗുളുരിലേക്ക് കർണാടക സർക്കാറിന്റെ രണ്ട് ബസുകൾ സർവീസ് നടത്തുമ്പോൾ കേരള സർക്കാറിന്റെ ഒരു പഴയ ബസാണ് സർവ്വിസ് നടത്തുന്നത്, ദീർഘ ദൂരത്തിലുള്ള ഓടുന്ന എല്ലാ ഡിപ്പോകളിലേക്കും പുതിയ ബസ് കൊടുക്കുമ്പോൾ കാസർകോട്ടേക്ക് പുതിയ ബസുകൾ കിട്ടാറില്ല.

അതിർത്തി പ്രദേശമായ ബിസി റോഡിൽ കർണാടക പുതിയ ഡിപ്പോ തുടങ്ങിയിട്ടുണ്ട്, ഇതേ മാതൃകയിൽ നേരെത്തെ പദ്ധതിയുണ്ടായിരുന്നു തലപ്പാടിയിലും കേരള കെഎസ്ആർടിസി ഡിപ്പോ തുടങ്ങിയാൽ അന്തർസംസ്ഥാന റൂട്ടുകളിലല്ലാതെ ഒരു കെഎസ്ആർടിസി ബസ് പോലും സേവനം നടത്താത്ത മഞ്ചേശ്വരം മണ്ഡലത്തിലെ ഉൾപ്രദേശങ്ങളിലേയ്ക്കും മറ്റു അന്തർസംസ്ഥാന റൂട്ടുകളിലും കൂടുതൽ ബസുകൾ ലഭ്യമാകുമെന്നതിനാൽ തലപ്പാടിയിൽ ഡിപ്പോ ആരംഭിക്കുന്നതിനും, കരാർ പ്രകാരമുള്ള മുഴുവൻ കേരള ബസുകളും സർവ്വീസ് നടത്തുന്നതിനും, നേരെത്തെയുണ്ടായിരുന്ന അന്തർസംസ്ഥാന റൂട്ട് പുനഃസ്ഥാപിക്കാനും എകെഎം അഷ്‌റഫ് എംഎൽഎയ്ക്ക് മുസ്ലിം ലീഗ് പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കണ്ടത്തിലിന്റെയും ജനറൽ സെക്രെട്ടറി ഇകെ മുഹമ്മദ് കുഞ്ഞിയുടെയും നേതൃത്വത്തിൽ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.


No comments