JHL

JHL

വിൽപ്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.

മംഗൽപാടി(www.truenewsmalayalam.com)  : വിൽപ്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.

 ഓണ വിപണി പ്രമാണിച്ച് മംഗല്പാടി ആരോഗ്യ വകുപ്പും, പോലീസും സംയുക്തമായി നടത്തിയ  പരിശോധനയിലാണ് ബന്ദിയോടിൽ നിന്നും നിരോധിത പുകയിലിനങ്ങൾ പിടിച്ചെടുത്തത്.  വ്യാപാരികൾക്കെതിരെ കേസെടുക്കുകയും ചെയ്തു.

   വിപണിയിൽ  ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കളുടെ  ഗുണനിലവാരവും സുരക്ഷയും  ഉറപ്പുവരുത്തുന്നതിനായാണ്   ആരോഗ്യ വകുപ്പിന്റെ  നേതൃത്വത്തിൽ  വ്യാപകമായി ഭക്ഷ്യ, വ്യാപാര  സ്ഥാപനങ്ങളിൽ പരിശോധന  നടത്തിയത്.

 ലൈസൻസില്ലാതെയും  വൃത്തിഹീനമായ സാഹചര്യത്തിലും  പ്രവർത്തിച്ച  സ്ഥാപനങ്ങളുടെ  പ്രവർത്തനം നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടു.വരും  ദിവസങ്ങളിലും പരിശോധനകൾ  തുടരും.

 ഗുരുതര വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴ  ഈടാക്കുന്നതിനുള്ള നോട്ടീസും, കടകൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും, ഇംപ്രൂവ്മെന്റ് നോട്ടീസും നൽകി. 

ഓണക്കാലത്ത് അധികമായി വാങ്ങി ഉപയോഗിക്കുന്ന പാൽ, ഭക്ഷ്യ എണ്ണകൾ,  പപ്പടം, പായസം മിക്സ്, ശർക്കര, നെയ്യ്,  പച്ചക്കറികൾ, പഴങ്ങൾ,  പരിപ്പുവർഗങ്ങൾ, മത്സ്യം, മാംസം  തുടങ്ങിയവയുടെ വിതരണ  കേന്ദ്രങ്ങളിലും, ഹോട്ടൽ, ബേക്കറി,  തട്ടുകടകൾ,   എന്നിവടങ്ങളിലും പരിശോധനകൾ  നടത്തി.

 ഭക്ഷ്യസുരക്ഷാ  ലൈസൻസെടുക്കാതെ ഒരു സ്ഥാപനവും  പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും,  നിയമലംഘനം നടത്തുന്ന  സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷ  ഗുണനിലവാര നിയമം അനുസരിച്ച്  നിയമനടപടികൾ കൈക്കൊള്ളാൻ  നിർദേശം നൽകി.

വ്യാപാരികൾ ഭക്ഷ്യ സുരക്ഷ  ലൈസൻസ്/രജിസ്ട്രേഷൻ  എടുക്കേണ്ടതും ഉപഭോക്താക്കൾ  കാണുന്ന വിധം സ്ഥാപനത്തിൽ  പ്രദർശിപ്പിക്കേണ്ടതുമാണ്.

  നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ  വിൽപ്പനക്കായി സ്ഥാപനത്തിൽ  സൂക്ഷിക്കുകയോ, വിൽപ്പന  നടത്തുകയോ ചെയ്യരുത്.

 പായ്ക്ക്  ചെയ്ത ഭക്ഷണസാധനങ്ങൾ  നിയമാനുസൃതമായ ലേബൽ  വ്യവസ്ഥകളോടെ മാത്രമെ വിൽക്കാൻ  പാടുളളൂ.

 ഭക്ഷ്യവസ്തുക്കൾ വിതരണം  ചെയ്യുന്ന സ്ഥാപനങ്ങളും, വ്യക്തികളും  ശുചിത്വ ശീലങ്ങൾ കർശനമായും  പാലിച്ചിരിക്കണമെന്നും നിർദേശം  നൽകി.


No comments