JHL

JHL

പ്രധാനമന്ത്രി നാണമില്ലാതെ ചിരിക്കുന്നു; മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത് രണ്ട് മിനിറ്റ് മാത്രം -രാഹുൽ ഗാന്ധി

ന്യൂഡൽഹി(www.truenewsmalayalam.com) : പാർലമെന്റിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാ​ക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിൽ മണിപ്പൂർ കലാപം ​ചർച്ച ചെയ്യുമ്പോൾ തമാശ പറഞ്ഞ് ചിരിക്കുകയാണ് മോദി ചെയ്തതെന്ന് രാഹുൽ കുറ്റ​പ്പെടുത്തി.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പാർലമെന്റിൽ രണ്ട് മണിക്കൂർ 13 മിനിറ്റ് സമയം സംസാരിച്ചു. പ്രസംഗത്തിന്റെ അവസാനം രണ്ട് മിനിറ്റ് മാത്രമാണ് അദ്ദേഹം മണിപ്പൂരി​നെ കുറിച്ച് സംസാരിച്ചത്. മാസങ്ങളായി മണിപ്പൂർ കത്തുകയാണ്. ആളുകൾ കൊല്ലപ്പെടുകയും സ്ത്രീകൾ ബലാത്സംഗത്തിനിരയാക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ, തമാശകൾ പറഞ്ഞ് ചിരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. ഇത് അദ്ദേഹത്തിന് ഒട്ടും യോജിക്കുന്നതല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരികുകയായിരുന്നു അദ്ദേഹം.

രണ്ട് ദിവസം കൊണ്ട് ഇന്ത്യൻ സൈന്യത്തിന് ഇത് അവസാനിപ്പിക്കാൻ സാധിക്കും. പ്രധാനമന്ത്രിക്ക് മണിപ്പൂർ കത്തണമെന്നാണ് ആവശ്യം. ആ തീകെടുത്തണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗം ഇന്ത്യയെ കുറിച്ചായിരുന്നില്ല. അത് മോദിയെ കുറിച്ച് മാത്രമായിരുന്നു. തന്റെ ആശയങ്ങളും രാഷ്ട്രീയവും ആഗ്രഹങ്ങളുമാണ് അദ്ദേഹം അവിടെ പങ്കുവെച്ചത്. മോദി 2024ൽ വീണ്ടും പ്രധാനമന്ത്രിയാകുമോയെന്നതല്ല പ്രശ്നം. മണിപ്പൂരാണ് ഇപ്പോൾ ഇവിടെ ചർച്ച ചെയ്യേണ്ടതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

പ്രധാനമന്ത്രിക്ക് മണിപ്പൂരിൽ പോയി വിവിധ സമുദായങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രശ്നം ചർച്ച​ ചെയ്യാമെന്ന് അറിയിക്കാമായിരുന്നു. കലാപം തടയാൻ മോദിക്ക് നിരവധി മാർഗങ്ങളുണ്ടായിരുന്നു. പക്ഷേ ​അതൊന്നും അദ്ദേഹം ഉപയോഗിച്ചില്ല.

ഇൻഡ്യ സഖ്യം കൊണ്ടു വന്ന അവിശ്വാസ പ്രമേയ ചർച്ചക്കുള്ള മറുപടിയിൽ ഒന്നര മണിക്കൂർ നേരവും മണിപ്പൂർ വിഷയം നരേന്ദ്ര മോദി പരാമർശിച്ചില്ല. മണിപ്പൂർ പരാമർശിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിയതിന് പിന്നാലെ മോദി വിഷയം പരാമർ​ശിച്ചത്.

മണിപ്പൂരിന് നഷ്ടമായത് തിരിച്ചു പിടിക്കുമെന്ന് മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മണിപ്പൂരിൽ സമാധാനം സ്ഥാപിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ശ്രമിക്കുകയാണ്. അവിടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കും. വരും ദിവസങ്ങളിൽ മണിപ്പൂരിൽ സമാധാനം പുഃസ്ഥാപിക്കപ്പെടും. മണിപ്പൂരിലെ സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടുന്ന ജനങ്ങളോട് രാജ്യം നിങ്ങൾക്കൊപ്പമുണ്ടെന്ന് പറയാൻ താൻ ആഗ്രഹിക്കുകയാണെന്ന് മോദി പറഞ്ഞിരുന്നു.

No comments