JHL

JHL

കാലവർഷം ദുർബലം; വരൾച്ചാഭീതിയിൽ കേരളം.

 

കാസർകോട്(www.truenewsmalayalam.com) : കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓഗസ്റ്റ് പെരുമഴക്കാലമായിരുന്നു, എന്നാൽ ഈ വർഷം ഓഗസ്റ്റിലെ മഴയിൽ 90% കുറവ് രേഖപ്പെടുത്തി.

  അഞ്ചു വർഷം മുൻപ് ഇതേ സമയമാണ് സംസ്ഥാനത്തെ തെക്കൻ ജില്ലകളെ ഒന്നടങ്കം ബാധിച്ച പ്രളയമുണ്ടായത്. ജൂൺ മുതൽ തന്നെ മഴയുണ്ടെങ്കിലും കഴിഞ്ഞ കുറെ വർഷങ്ങളിൽ മഴ ശക്തമാകുന്നത് ഓഗസ്റ്റോടെയായിരുന്നു. ജൂൺ, ജൂലൈ മാസങ്ങളിലെ മഴക്കുറവ് നികത്തിയിരുന്നത് ഓഗസ്റ്റിലെ അധിക മഴയായിരുന്നു. എന്നാലിപ്പോൾ മഴക്കണക്കുകൾ പരിശോധിച്ചാൽ കണ്ണു നിറയുന്ന അവസ്ഥയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ മഴയുടെ ദീർഘകാല ശരാശരി കണക്കെടുത്താൽ മൺസൂണിലെ ഇതുവരെയുള്ള മഴ 44% കുറവാണ്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ ശരാശരിയിലും കുറവാണ് ലഭിച്ചിരിക്കുന്നത്. ദീർഘകാലശരാശരിയിൽ നിന്ന് 20% വരെ കൂടിയാലോ കുറഞ്ഞാലോ മാറ്റങ്ങൾ കണക്കിലെടുക്കാറില്ല. മഴ വിട്ടു നിൽക്കുന്നതോടെ കേരളത്തിൽ പലയിടങ്ങളിലും പകൽ–രാത്രി താപനില ഉയർന്ന അവസ്ഥയാണ്.

 ചൂട് ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ 33–35 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു. ഇതിൽ 3 ഡിഗ്രി വരെ ഇനിയും വർധിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് വിദഗ്ധർ പറഞ്ഞു. നിലവിൽ അപൂർവം സ്ഥലങ്ങളിൽ മാത്രം ഒറ്റപ്പെട്ട മഴ തുടരുന്നുണ്ട്. 

കൂടുതൽ മഴ ലഭിച്ച കാസർകോട് ജില്ലയിൽ പോലും ലഭിക്കേണ്ടതിന്റെ 27 % കുറവാണ് മഴ പെയ്തത്. ഈ സ്ഥിതി തുടർന്നാൽ ചരിത്രത്തിലെ കുറഞ്ഞ മഴ ലഭിച്ച ഓഗസ്റ്റ് ആകുമോ ഇത്തവണത്തേത് എന്ന കാര്യമാണ് ഇനി അറിയാനുള്ളത്. ഓഗസ്റ്റിലെ ആദ്യ 15 ദിവസങ്ങളിൽ 254.6 മില്ലിമീറ്റർ മഴ ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 25.1 മില്ലിമീറ്റർ മാത്രം. 90 % കുറവ്. 

സംസ്ഥാനത്തും ചേർന്നുള്ള അറബിക്കടലിലും അന്തരീക്ഷത്തിലെ ഉയർന്ന മർദം കാരണം അറബിക്കടലിൽ നിന്ന് ഈർപ്പമുള്ള വായുപ്രവാഹം തടസപ്പെടുന്നതിനാലാണ് വരണ്ട കാലാവസ്ഥ തുടരുന്നത്. 

കാലവർഷം പകുതി പിന്നിട്ടപ്പോൾ സംസ്ഥാനത്ത് ശരാശരി ലഭിക്കേണ്ടതിലും 35 % കുറവ് മഴയായിരുന്നു ലഭിച്ചത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിലയിരുത്തിയിരുന്നു.

മേഖല, ലഭിച്ച മഴ (മില്ലിമീറ്റർ), ദീർഘകാല ശരാശരി, മഴയിലെ കുറവ്

കേരളം           877.1, 1556.3, 44 %

കാസർകോട്   1662.8, 2310.8, 28 %

കണ്ണൂർ           1510.1, 2128.2, 29 %

കൂടുതൽ മഴ ലഭിച്ചത് - കാസർകോട് (1662.8 മില്ലിമീറ്റർ)

മഴ കുറവ് പെയ്തത് (ശതമാന അടിസ്ഥാനത്തിൽ) - ഇടുക്കി (60%)


No comments