രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു -സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി.
ന്യൂഡൽഹി(www.truenewsmalayalam.com) : മണിപ്പൂരിലെ സംഘർഷത്തെക്കുറിച്ച് പരാമർശിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി. മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രവും സംസ്ഥാന സർക്കാറും നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് മണിപ്പൂരിലുണ്ടായ അക്രമസംഭവങ്ങളിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അമ്മമാരുടെയും പെൺമക്കളുടെയും അഭിമാനത്തിന് ക്ഷതമേറ്റു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമാധാനം തിരിച്ചുവരുന്നു. രാജ്യം മണിപ്പൂരിന്റെ കൂടെ നിൽക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുനഃസ്ഥാപിക്കപ്പെട്ട സമാധാനം മണിപ്പൂരിലെ ജനങ്ങൾ കെട്ടിപ്പടുക്കണം. മണിപ്പൂരിൽ സമാധാനത്തിലൂടെ പരിഹാരത്തിനുള്ള വഴി കണ്ടെത്തും -പ്രധാനമന്ത്രി പറഞ്ഞു.
ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പ്രധാനമന്ത്രി ഔദ്യോഗിക തുടക്കമിട്ടു. തുടർന്നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിച്ചവർക്ക് പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. ഈ വർഷം, രാജ്യത്തെ പല സംസ്ഥാനങ്ങളും സങ്കൽപ്പിക്കാനാവാത്ത പ്രതിസന്ധിക്ക് സാക്ഷ്യം വഹിച്ചു. ദുരിതബാധിതരായ എല്ലാ കുടുംബങ്ങളോടുമുള്ള ദുഃഖം രേഖപ്പെടുത്തുന്നു. ഈ വെല്ലുവിളിയെ അതിജീവിക്കാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് അവർക്ക് ഉറപ്പ് നൽകുകയും ചെയ്യുന്നു -അദ്ദേഹം പറഞ്ഞു.
‘പ്രിയപ്പെട്ട കുടുംബാംഗങ്ങളേ, ബോംബ് സ്ഫോടനങ്ങളെക്കുറിച്ച് നമ്മൾ ഇടയ്ക്കിടെ കേൾക്കാറുണ്ടായിരുന്നു. ബോംബ് ഭീതിയെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന അറിയിപ്പുകൾ വരാറുണ്ടായിരുന്നു. 'ഈ ബാഗിൽ തൊടരുത്' എന്നെല്ലാം മുന്നറിയിപ്പുകൾ നൽകാറുണ്ടായിരുന്നു. എന്നാൽ ഇന്ന് രാജ്യം സുരക്ഷിതമാണ്. ഒരു രാജ്യം സുരക്ഷിതമാകുമ്പോൾ അത് അചഞ്ചലമായ പുരോഗതി കൈവരിക്കുന്നു. സീരിയൽ ബോംബിങ്ങിന്റെ ദിവസങ്ങൾ അവസാനിച്ചു. നിരപരാധികളാണ് ഇത്തരം സംഭവങ്ങൾക്ക് ഇരയാകുന്നത്. ഭീകരാക്രമണങ്ങളിൽ ഗണ്യമായ കുറവുണ്ടായി. നക്‌സൽ മേഖലകളിലും മാറ്റം വന്നിട്ടുണ്ട്’.
‘മറ്റ് രാജ്യങ്ങൾക്ക് പ്രായമാകുകയാണ്. എന്നാൽ ഇന്ത്യ യുവത്വത്തിന്റെ കൊടുമുടിയിലാണ്. 30 വയസ്സിന് താഴെയുള്ള ഏറ്റവും കൂടുതൽ ആളുകളുള്ളത് ഇന്ത്യയിലാണ്. കോടിക്കണക്കിന് സ്വപ്നങ്ങളും കോടിക്കണക്കിന് ദൃഢനിശ്ചയവും. ഞാൻ ജി20 ഉച്ചകോടിക്കായി ബാലിയിൽ പോയി. എല്ലാ വികസിത രാജ്യങ്ങളും ഇന്ത്യയുടെ ഡിജിറ്റൽ, സാങ്കേതിക വികസനത്തെക്കുറിച്ച് അറിയാൻ തൽപരരാണ്. ഇന്ത്യയുടെ വികസനം ഡൽഹിയിലും മുംബൈയിലും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. അത് എല്ലാ വലുതും ചെറുതുമായ നഗരങ്ങളിലും എത്തിയിട്ടുണ്ടെന്നും ഞാൻ അവരോട് പറഞ്ഞു. ഇന്ത്യയിലെ ഈ ചെറിയ നഗരങ്ങൾ വലുപ്പത്തിൽ ചെറുതാകാം, പക്ഷേ ലക്ഷ്യങ്ങളിൽ അല്ല.’ -പ്രധാനമന്ത്രി പറഞ്ഞു.
Post a Comment