JHL

JHL

കുമ്പള റെയിൽവേ സ്റ്റേഷൻ അവഗണനയുടെ ട്രാക്കിൽ തന്നെ; കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം-മൊഗ്രാൽ ദേശീയവേദി.

മൊഗ്രാൽ(www.truenewsmalayalam.com) : വരുമാനം വർഷത്തിൽ കോടിയോളം രൂപ ഉണ്ടായിട്ടും സപ്തഭാഷാ സംഗമ ഭൂമിയായ കുമ്പള റെയിൽവേ സ്റ്റേഷന് അവഗണന തന്നെ. ജില്ലയിൽ ഒട്ടനവധി വികസന പദ്ധതികൾ കേന്ദ്ര റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നിലും കുമ്പള സ്റ്റേഷനെ പരിഗണിക്കാത്തതിൽ  കടുത്ത  പ്രതിഷേധത്തിലാണ് നാട്ടുകാർ.

 കുമ്പള റെയിൽവേ സ്റ്റേഷൻ ഈ ഗ്രേഡ് കാറ്റഗറിയിൽ പെടുന്ന സ്റ്റേഷനാണ്. അതുകൊണ്ട് തന്നെ വികസനത്തിൽ പരിഗണിക്കേണ്ട സ്റ്റേഷനുമാണ്. വികസനം നേടിയെടുക്കാൻ ശക്തമായ ഒരു ജനകീയ കൂട്ടായ്മയും, നേതൃത്വവും കുമ്പളയിൽ ഇല്ലാതെ പോയതാണ് ഇങ്ങനെയൊരു അവഗണന സ്റ്റേഷൻ നേരിടുന്നതെന്ന് യാത്രക്കാർ പറയുന്നു.

 40 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നതാണ് കുമ്പള റെയിൽവേ സ്റ്റേഷൻ. അരലക്ഷം യാത്രക്കാർ പ്രതിമാസം കുമ്പള സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. മംഗളൂരുവിലേക്ക്  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ, വ്യാപാരാ വശ്യങ്ങൾക്കായി പോകുന്ന വ്യാപാരികൾ, മെഡിക്കൽ കോളേജ് അടക്കമുള്ള സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് പോകുന്ന നൂറുകണക്കിന് രോഗികൾ ഇവരൊക്കെ ആശ്രയിക്കുന്നത് കുമ്പള സ്റ്റേഷനെയാണ്.

 പ്ലാറ്റ്ഫോമിന് മേൽക്കൂര ഇല്ലാത്തത് അടക്കമുള്ള അടിസ്ഥാന വികസനത്തിലും  സ്റ്റേഷൻ അവഗണന നേരിടുന്നു. ഇത് മൂലം മഴയത്തും വെയിലത്തും സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ ഏറെ ദുരിതം നേരിടുന്നു. കുമ്പള റെയിൽവേ സ്റ്റേഷന്റെ സമഗ്രമായ വികസന രൂപരേഖ തയ്യാറാക്കി മൊഗ്രാൽ ദേശീയവേദി രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് നിവേദനം സമർപ്പിച്ചിരു ന്നുവെങ്കിലും ഒന്നുപോലും പരിഗണിച്ചില്ല എന്ന ആക്ഷേപവുമുണ്ട്.

അടിസ്ഥാന വികസനത്തിൽ അവഗണന നേരിടുമ്പോഴും നിലവിൽ ചുരുക്കം ചില ട്രെയിനുകൾക്ക് മാത്രമാണ് കുമ്പളയിൽ സ്റ്റോപ്പ് ഉള്ളത്. പരശുറാം,മാവേലി, ബാംഗ്ലൂർ യശ്വന്ത്പൂർ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷനും, വ്യാപാരികളും, സന്നദ്ധസംഘടനകളും നിരന്തരമായി ആവശ്യപ്പെട്ട് വരുന്നതുമാണ്.

 കേരളത്തിന് കേന്ദ്ര റെയിൽവേ മന്ത്രാലയം ഓണസമ്മാനമായി അനുവദിച്ച രണ്ടാമത് "വന്ദേഭാരത് 'ട്രെയിനിന്   കുമ്പളയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകുമെന്ന് ദേശീയവേദി പ്രസിഡണ്ട് വിജയകുമാർ, സെക്രട്ടറി റിയാസ് കരീം, ട്രഷറർ എച്ച്എം കരീം എന്നിവർ അറിയിച്ചു.


No comments