JHL

JHL

ഭീതി ഒഴിയാതെ മൊഗ്രാൽ കടൽത്തീരം; കടൽക്ഷോഭം രൂക്ഷം, വീട്, റിസോർട്ട് മതിലുകൾ കടലെടുത്തു, കടൽ ഭിത്തി നിർമ്മാണത്തിനായി കൊണ്ടിട്ട കല്ലുകളും കടലെടുക്കുന്നു.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാലിലെ ഒരു കിലോമീറ്റർ തീരം കടൽ വീഴുങ്ങുന്നു. ഇതിനകം 200 മീറ്ററുകളോളം കര കടലെടുത്തു കഴിഞ്ഞു. ഫുട്ബോൾ മൈതാനം പോലെ നീണ്ടു  കിടന്നിരുന്ന മണൽ പരപ്പ് ഇപ്പോൾ കാണാനേയില്ല. ഓരോ കാലവർഷത്തിലും കലിതുള്ളിയെത്തുന്ന കടൽ തീരദേശവാസികളുടെ വിലപ്പെട്ടതെല്ലാം സംരക്ഷണമില്ലാതെ കവർന്നെടുത്തു പോകുന്നു.

 മൊഗ്രാൽ നാങ്കി കടപ്പുറം മുതൽ കൊപ്പളം വരെയുള്ള ഒരു കിലോമീറ്റർ തീരദേശത്താണ് കടൽക്ഷോഭം രൂക്ഷമായി തുടരുന്നത്. ഇവിടെ വീടും,സ്ഥലവും നഷ്ടപ്പെട്ടവരേറെയാണ്. നിർധനരായ മത്സ്യത്തൊഴിലാളികള ടക്കമുള്ളവർ ബന്ധുവീടുകളിൽ അഭയം കണ്ടെത്തുന്നു. ഈ പ്രദേശങ്ങളിൽ ഇതുവരെയുണ്ടായ തീര ശോഷണത്തിന് കണക്കൊന്നുമില്ല. പുറമ്പോക്കാണെന്ന് പറഞ്ഞ് എഴുതി തള്ളുകയാണ് അധികൃതർ.

 തീര സംരക്ഷണം എന്ന തീരദേശവാസികളുടെ കണ്ണിൽ പൊടിയിടാൻ  ചെപ്പടി വിദ്യകൾ കാട്ടി ചെറിയ കല്ലുകൾ കൊണ്ട് നിർമ്മിച്ച കടൽ ഭിത്തികൾ പ്രദേശത്ത് ഇപ്പോൾ എവിടെയും കാണാനേയില്ല. വർഷാവർഷം കോടികളാണ് ഇതുവഴി അധികാരികൾ ഖജനാവിന് നഷ്ടപ്പെടുത്തുന്നത്. തീര സംരക്ഷണമല്ല അധികൃതരുടെ ഉദ്ദേശം, അഴിമതിയുടെ ഭിത്തി കെട്ടിപൊക്കലാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

 ചടങ്ങ് പോലെ ഈ പ്രാവശ്യവും കുറെ കല്ലുകൾ കടൽ തീരത്ത് കൊണ്ടിട്ടി ട്ടുണ്ട്. ഇതും ഒട്ടും പ്രയോജനമില്ലാത്തതുമാ ണ്. എന്തിനാണ്  ചെറിയ കല്ലുകൾ കടലിൽ കൊണ്ടിട്ട് പോകുന്നതെന്ന് പ്രദേശവാസികളുടെ ചോദ്യം കേട്ട് കരാറുകാർ കല്ലുകൾ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നുവെന്ന് പറയുന്നു. തീരത്ത് ഉപേക്ഷിച്ചു പോയ ഈ കല്ലുകളും ഇപ്പോൾ കടലെടുത്തുകൊണ്ടിരിക്കുന്നു.

 തീരദേശവാസികളുടെ ഏക വരുമാനമാർഗമായ തെങ്ങുകളാണ് ദിവസേന കടലെടുത്തു കൊണ്ടുപോകുന്നത്. ഇളനീർ വിറ്റും,തേങ്ങ വിറ്റും,കൊപ്രയാക്കിയും ഉപജീവനമാർഗ്ഗം കണ്ടെത്തുന്നവരുടെ കണ്ണീരാണ് മൊഗ്രാൽ തീരത്ത് ഇപ്പോൾ കാണാൻ കഴിയുന്നത്. വീട്, റിസോർട്ട് സംരക്ഷണത്തിനായി കെട്ടിയ മതിലുകൾ വരെ കടലെടുത്തുകഴിഞ്ഞു. ഇത്രയേറെ കര കടലെടുക്കുന്നത് ഇത് ആദ്യമാണെന്ന് തീരവാസികൾ പറയുന്നു.

ജില്ലയിൽ ശാസ്ത്രീയമായി നിർമിച്ച കടൽ ഭിത്തികൾ ജില്ലയിലെ പല ഭാഗങ്ങളിലും ഇപ്പോഴും തല ഉയർത്തി നിൽക്കുന്നുണ്ട്.വലിയ കരിങ്കല്ലുകൾ കൊണ്ടാണ് ഇവിടെയൊക്കെ കടൽ ഭിത്തികൾ  നിർമ്മിച്ചിരിക്കുന്നത്.നാങ്കി -കൊപ്പളം തീര മേഖലയിൽ അത്തരത്തിലുള്ള തീരസംരക്ഷണ പദ്ധതികളാണ് ആവശ്യമെന്ന് പ്രദേശവാസികൾ പറയുന്നു.


No comments