JHL

JHL

കരട് സംയോജിത വോട്ടര്‍ പട്ടിക; അവകാശ വാദങ്ങളും ആക്ഷേപങ്ങളും ജൂണ്‍ 21 വരെ സ്വീകരിക്കും


കാസർഗോഡ്(www.truenewsmalayalam.com) : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജൂണ്‍ ആറിന് കരട് സംയോജിത വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 

അവകാശ വാദങ്ങളും ആക്ഷേപങ്ങളും ജൂണ്‍ 21 വരെ സ്വീകരിക്കും. 

2024 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് തികഞ്ഞവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും (ഫോറം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫോറം 6) , സ്ഥാനമാറ്റം വരുത്തുന്നതിനും (ഫോറം 7) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. പുതുതായി അപേക്ഷ നല്‍കുന്നവര്‍ ഫോട്ടോ വയസ്സ് തെളിയിക്കുന്ന രേഖ അഡ്രസ് തെളിയിക്കുന്ന രേഖ എന്നിവ അപ്ലോഡ് ചെയ്യണം. 

അക്ഷയ സെന്റര്‍ തുടങ്ങിയ സര്‍ക്കാര്‍ അംഗീകൃത ജനസേവന കേന്ദ്രങ്ങള്‍ മുഖേനയും അപേക്ഷിക്കാം. 

ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹിയറിങ്ങിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിരിക്കുന്ന തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹിയറിങ്ങിന് നേരിട്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ മുമ്പാകെ ഹാജരാക്കണം.

 വോട്ടര്‍ പട്ടികയില്‍ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും ആയതിന്റെ പ്രിന്റ് ഔട്ടില്‍ അപേക്ഷകന്‍ ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. 

ഓണ്‍ലൈന്‍ മുഖേന അല്ലാതെയും നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 

ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റുകളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍.

 ജൂലൈ ഒന്നിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാസര്‍കോട് നഗരസഭയിലെ 24ാം വാര്‍ഡ് ഖാസിലേന്‍, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് കോട്ടക്കുന്ന്, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പതിനാലാം വാര്‍ഡ് കല്ലങ്കൈ എന്നിവടങ്ങളില്‍ ജൂണ്‍ ഒന്നിന് തയ്യാറാക്കുന്ന വോട്ടര്‍ പട്ടികയായിരിക്കും ഉപതിരഞ്ഞെടുപ്പിനായി ഉപയോഗപ്പെടുത്തുന്നത് ഈ സ്ഥലങ്ങളില്‍ പ്രവാസി ഭാരതീയരുടെ വോട്ടര്‍ പട്ടികയും തയ്യാറാക്കും.

No comments