മൊബൈല്‍ ഫോണ്‍ സേവനനിരക്ക് വര്‍ദ്ധനവ് പിന്‍വലിക്കണം; ടെലികോം കൊള്ളക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം - പി.ഡി.പി
രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന നിലയില്‍ മൊബൈല്‍ ഫോണ്‍ സേവന നിരക്കുകള്‍ അന്യായമായി വര്‍ദ്ധിപ്പിക്കാനുള്ള സ്വകാര്യ ടെലികോം കമ്പനികളുടെ നീക്കത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി.
റിലയന്‍സ് ജിയോ ,എയര്‍ടെല്‍ കമ്പനികള്‍ ഏകപക്ഷീയമായി നിരക്ക് വര്‍ദ്ധന പ്രഖ്യാപിക്കുകയും മറ്റ് കമ്പനികള്‍ നിരക്ക് വര്‍ദ്ധനവിനൊരുങ്ങുന്നു എന്നതും സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം.
27 ശതമാനം വരെയാണ് നിലവില്‍ നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുള്ളത്. കോര്‍പ്പറേറ്റുകളുടേയും സ്വകാര്യ കമ്പനികളുടേയും താല്പര്യസംരക്ഷകരായി സര്‍ക്കാര്‍ മാറരുത്.
അവശ്യ -സേവന വസ്തുവായി മാറിക്കഴിഞ്ഞ മൊബൈല്‍ ഫോണ്‍ ,നെറ്റ് വര്‍ക്ക് സേവനങ്ങളുടെ നിരക്കുകള്‍ ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നത് എല്ലാ വിഭാഗം ജനങ്ങളേയും ബാധിക്കും.
മാനദണ്ഡങ്ങളില്ലാതെ നിരക്ക് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുത്തി പൊതുജനങ്ങളെ ചൂഷണത്തിന് വിധേയമാക്കാനുള്ള തീരുമാനത്തിനെതിരെ സര്‍ക്കാര്‍ ഇടപെടലുണ്ടാകണം.
സ്വകാര്യ ടെലകോം കമ്പനികള്‍ക്കും മിനിമം നിരക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സര്‍ക്കാര്‍ നിശ്ചയിക്കുന്ന നടപടിയുണ്ടാകണമെന്ന് പി.ഡി.പി. കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിരക്ക് വര്‍ദ്ധന തടയാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര ടെലകോം മന്ത്രാലയത്തിന് നിവേദനം നല്‍കി.
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാണ്. പഴം, പച്ചക്കറി, മത്സ്യ-മാംസങ്ങള്‍ ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ക്കെല്ലാം അന്യായവിലയാണ്.
വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുകയും പൊതുവിപണിയില്‍ അവശ്യവസ്തുക്കളുടെ വിതരണം കാര്യക്ഷമാക്കുകയും ചെയ്യണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് ആവശ്യപ്പെട്ടു.
Post a Comment