JHL

JHL

തീരദേശം ജനവാസ മേഖല; നടന്നുപോകാനുള്ള കൂടുതൽ സബ്-വേ അനുവദിക്കാൻ റെയിൽവേക്ക് നിർദ്ദേശം നൽകും - മനുഷ്യാവകാശ കമ്മീഷൻ


മൊഗ്രാൽ(www.truenewsmalayalam.com) :  മൊഗ്രാൽ പടിഞ്ഞാറ് പ്രദേശത്തെ വിദ്യാർത്ഥികളും, വയോജനങ്ങളുമുൾ പ്പടെയുള്ള പ്രദേശവാസികൾക്ക് റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിന് തലങ്ങും വിലങ്ങും ഇരുമ്പ് തൂൺ കെട്ടി വിലക്ക് ഏർപ്പെടുത്തിയ റെയിൽവേയുടെ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് വീണ്ടും പരാതിയുമായി മൊഗ്രാൽ ദേശീയവേദി.

നേരത്തെ നൽകിയ പരാതിയിൽ റെയിൽവേയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടികാട്ടിയാണ് മനുഷ്യാവകാശ കമ്മീഷൻ കാസറഗോഡ് ഗവ. ഗസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത സിറ്റിങ്ങിൽ പങ്കെടുത്ത് കൊണ്ട് ദേശീയവേദി ഭാരവാഹികൾ ആക്റ്റിങ് ചെയർമാൻ ജസ്റ്റിസ്‌ കെ ബൈജുനാഥന് മുമ്പാകെ വീണ്ടും പരാതി സമർപ്പിച്ചത്.

 മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് പരിസരത്ത് നിന്ന് 500 മീറ്റർ അകലെയും, മൊഗ്രാൽ നാങ്കി, ഗാന്ധിനഗർ കടപ്പുറത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയുമുള്ള കൊപ്പളം അടിപ്പാത പൊതുജനങ്ങൾ ഉപയോഗപ്പെടുത്തണമെന്നാണ് റെയിൽവേ കാര്യാലയം നൽകിയ വിശദീകരണത്തിൽ പറയുന്നത്. 

ഇത് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഏറെ ദുരിതമാണെന്ന് ദേശീയവേദി ഭാരവാഹികൾ മനുഷ്യാവകാശ കമ്മീഷന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 അടിയന്തിര പരിഹാരമെന്ന നിലയിൽ മൊഗ്രാൽ മീലാദ് നഗർ,നാങ്കി, കടപ്പുറം വലിയ ജുമാ മസ്ജിദിന് മുൻവശം എന്നിവിടങ്ങളിൽ "കലുങ്ക്'' രൂപത്തിൽ നടന്നുപോകാനുള്ള സബ് -വേ അനുവദിച്ചു തരണമെന്നാണ് പ്രദേശവാസികളുടെ ആവശ്യമെന്ന് മനുഷ്യാവകാശ കമ്മീഷനെ ദേശീയവേദി ഭാരവാഹികൾ ധരിപ്പിച്ചു.

 ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാൻ പാലക്കാട് റെയിൽവേ കാര്യാലയത്തിന് നിർദ്ദേശം നൽകുമെന്ന് ആക്ടിങ് ചെയർമാൻ അറിയിച്ചു. 


No comments